ജനിതക മാറ്റം വന്ന കോവിഡ് വകഭേദം സംസ്ഥാനത്ത് 11 ജില്ലകളിൽ കണ്ടെത്തി,രാജ്യത്ത് 18 സംസ്ഥാനങ്ങളിൽ വൈറസ് സാന്നിധ്യം സ്ഥിരീകരിച്ചു.


കോട്ടയം: ജനിത മാറ്റം വന്ന കോവിഡ് വകഭേദം സംസ്ഥാനത്ത് 11 ജില്ലകളിൽ കണ്ടെത്തി. രാജ്യത്ത് 18 സംസ്ഥാനങ്ങളിൽ വൈറസ് സാന്നിധ്യം സ്ഥിരീകരിച്ചതായും കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. എൻ 440 കെ എന്നതാണ് കോവിഡിന്റെ പുതിയ വകഭേദം.

നേരത്തെ സംസ്ഥാനത്ത് സ്ഥിരീകരിച്ച യുകെ,ബ്രസീൽ,ദക്ഷിണാഫ്രിക്കൻ വകഭേദങ്ങൾക്ക് പുറമെയാണ് ഇപ്പോൾ പുതിയ വൈറസ് സാന്നിധ്യം സ്ഥിരീകരിച്ചിരിക്കുന്നത്. ഇന്ത്യൻ സാർസ് കോ വി-2 കൺസോർഷ്യം ഓഫ് ജീനോമിക്സ് ആണ് പഠനത്തിന്റെ വെളിച്ചത്തിൽ ബുധനാഴ്ച്ച ഇക്കാര്യം വെളിപ്പെടുത്തിയത്. ഇതോടെ കേന്ദ്ര ആരോഗ്യ മന്ത്രാലയം സംസ്ഥാനങ്ങൾക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

കേരളത്തിലെ 14 ജില്ലകളിൽനിന്നും പഠനത്തിനായി ശേഖരിച്ച 2032 സാംപിളുകളിൽ 11 ജില്ലകളിലെ 123 സാംപിളുകളിലാണ് എൻ440കെ വകഭേദം കണ്ടത്തിയിരിക്കുന്നത്. പുതിയ വകഭേദം മൂലമാണോ അടുത്ത ദിവസങ്ങളിലായി സംസ്ഥാനങ്ങളിൽ കോവിഡ് രോഗബാധ കൂടുതലായി റിപ്പോർട്ട് ചെയ്യപ്പെട്ടു തുടങ്ങിയത് എന്ന് പരിശോധിക്കുമെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.