ആശങ്കയുടെ ആ നാളുകൾ,പ്രതിരോധത്തിന്റെ ഓർമ്മകളിൽ ആരോഗ്യ മന്ത്രി.


കോട്ടയം: ജില്ലയിൽ ആദ്യ കോവിഡ് രോഗബാധ റിപ്പോർട്ട് ചെയ്യപ്പെട്ടതോടെ ജാഗ്രതയോടും ഒപ്പം വളരെ വേഗത്തിലുമാണ് ആരോഗ്യ വകുപ്പ് കാര്യങ്ങൾ നീക്കിയതെന്നു ആരോഗ്യ മന്ത്രി കെ കെ ശൈലജ ടീച്ചർ. വളരെ വേഗത്തിൽ വിദഗ്ധരുമായി യോഗം ചേർന്ന് സ്ഥിതി വിലയിരുത്തി. ജനങ്ങൾക്ക് ഭീതിയുണ്ടാകാത്ത വിധം കാര്യങ്ങൾ കൈകാര്യം ചെയ്യാനും ആവശ്യമായ പ്രതിരോധ പ്രവർത്തനങ്ങൾ നടത്താനും നിർദേശം നൽകി. പത്തനംതിട്ട റാന്നി സ്വദേശികളായ ഇറ്റലിയിൽ നിന്നും എത്തിയവർക്ക് രോഗബാധ ആദ്യമായി സ്ഥിരീകരിച്ചത്. തുടർന്ന് കോട്ടയത്തെ ഇവരുടെ ബന്ധുക്കൾക്കും റാന്നിയിലെ വൃദ്ധ മാതാപിതാക്കൾക്കും രോഗം സ്ഥിരീകരിച്ചത്.

ഇവരെ പത്തനംതിട്ടയിലും കോഴഞ്ചേരിയിലുമായി ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും വൃദ്ധ മാതാപിതാക്കൾക്ക് മറ്റ് അസുഖങ്ങളും ഉള്ളതിനാൽ വിദഗ്ദ്ധ ചികിത്സയ്ക്കായി കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റാൻ നിർദേശം നൽകുകയായിരുന്നു എന്ന് ആരോഗ്യ മന്ത്രി പറഞ്ഞു. കോട്ടയം മെഡിക്കൽ കോളേജിൽ വൃദ്ധദമ്പതിമാർക്ക് നൽകിയത് വിദഗ്ധ ചികിത്സയാണ്.  പ്രായത്തിന്റേതായ അവശതകൾ പലപ്പോഴും അവരെ അലട്ടിയിരുന്നതായി മന്ത്രി പറഞ്ഞു. ഹൈ റിസ്‌കിലുള്ള ഇവർ രോഗമുക്തി നേടിയതോടെ ലോകത്തിനു മുന്നിൽ തന്നെ അഭിമാനത്തോടെയാണ് കോട്ടയം മെഡിക്കൽ കോളേജിന്റെ സ്ഥാനം ഉണ്ടായിരുന്നതെന്ന് ആരോഗ്യ മന്ത്രി പറഞ്ഞു.

മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ. ജോസ് ജോസഫ്, സൂപ്രണ്ട് ടി.കെ. ജയകുമാർ, ഡെ. സൂപ്രണ്ട് ഡോ. രാജേഷ്, ആർ.എം.ഒ. ഡോ. ആർ.പി. രെഞ്ജിൻ, എ.ആർ.എം.ഒ. ഡോ. ലിജോ, നഴ്‌സിംഗ് ഓഫീസർ ഇന്ദിര എന്നിവരുടെ ഏകോപനത്തിൽ ഡോ. സജിത്കുമാർ, ഡോ. ഹരികൃഷ്ണൻ, ഡോ. അനുരാജ് തുടങ്ങിയ ഏഴംഗ ഡോക്ടർമരുടെ സംഘമാണ് ചികിത്സയ്ക്ക് നേതൃത്വം നൽകിയത്. 25 നഴ്‌സുമാരുൾപ്പെടെ 40 അംഗ മറ്റ് ജീവനക്കാരും ചികിത്സയിൽ സജീവ പങ്കാളികളായിരുന്നു. ഇവരെല്ലാമായിരുന്നു ഈ നേട്ടത്തിന് പിന്നിൽ പ്രവർത്തിച്ചതെന്ന് ആരോഗ്യ മന്ത്രി ഓർക്കുന്നു. പ്രായാധിക്യം മൂലമുള്ള അസുഖങ്ങൾക്ക് പുറമേയാണ് കൊറോണ വൈറസ് കൂടി ഇവരെ ബാധിച്ചത്. ഒരുഘട്ടത്തിൽ അതീവ ഗുരുതരാവസ്ഥയിലായിരുന്ന ഇവരെയാണ് മരണക്കയത്തിൽ നിന്നും കോട്ടയം മെഡിക്കൽ കോളേജിലെ വിദഗ്ധ ചികിത്സയിലൂടെ ജീവത്തിലേക്ക് തിരിച്ച് കൊണ്ടുവന്നത് എന്നും കെ കെ ശൈലജ ടീച്ചർ പറഞ്ഞു.

ആദ്യ പരിശോധനയിൽ പ്രായാധിക്യമുള്ള അവശതകളോടൊപ്പം ഡയബെറ്റീസും ഹൈപ്പർ ടെൻഷനും ഉള്ളതായി മനസിലാക്കിയതിന്റെ അടിസ്ഥാനത്തിലായിരുന്നു ചികിത്സ ക്രമീകരിച്ചത്. തോമസിന് ആദ്യ ദിവസങ്ങളിൽ തന്നെ നെഞ്ചുവേദനയുണ്ടെന്ന് മനസിലാക്കി ഹൃദ്രോഗ സംബന്ധമായ പ്രശ്‌നങ്ങൾക്ക് സാധ്യത കൂടുതലാണെന്നും കണ്ടെത്തി. അതിനാൽ ഇവരെ മെഡിക്കൽ ഐസിയുവിൽ വി.ഐ.പി. റൂമിലേക്ക് മാറ്റിയിരുന്നു. ഇടയ്ക്കുവെച്ച് തോമസിന് ചുമയും കഫക്കെട്ടും കൂടുതൽ ആവുകയും ഓക്‌സിജൻനില കുറവായി കാണപ്പെടുകയും അതീവ ഗുരുതരാവസ്ഥയിലേക്ക് പോകുകയും ചെയ്തു. ആയതിനാൽ തോമസിനെ വെന്റിലറേറ്ററിലേക്കു മാറ്റി 24 മണിക്കൂറും സൂക്ഷ്മമായി നിരീക്ഷിച്ചു. അതിനിടയ്ക്ക് ഹാർട്ട് അറ്റാക്ക് ഉണ്ടാകുകയും ചെയ്തു.

തോമസിനും മറിയാമ്മയും മൂത്രസംബന്ധമായ അണുബാധ ഇതിനിടയിൽ കാണപ്പെട്ടു. മറിയാമ്മയ്ക്ക് ബാക്ടീരിയൽ ഇൻഫെക്ഷൻ കൂടി ഉണ്ടായിരുന്നു. ഇത് രോഗം മൂർച്ഛിക്കുന്നതിന് കാരണമായി. അതിനുള്ള ചികിത്സയും ഇതിനിടയിൽ പ്രത്യേകം ചെയ്യുന്നുണ്ടായിരുന്നു. വിദഗ്ധ ചികിത്സയെ തുടർന്ന് നാലു ദിവസങ്ങൾക്ക് മുമ്പ് ഓക്‌സിജന്റെ നില മെച്ചപ്പെടുകയും ശ്വാസംമുട്ടും ചുമയും കുറയുകയും ചെയ്തതിനാൽ വെന്റിലേറ്ററിൽ നിന്നും മാറ്റി. ആരോഗ്യനില മെച്ചപ്പെട്ടതിന് ശേഷം ഒരിക്കൽക്കൂടി കൊറോണ ടെസ്റ്റ് എടുക്കുകയും ടെസ്റ്റ് നെഗറ്റീവ് ആവുകയും ചെയ്തു എന്നും ആരോഗ്യ മന്ത്രി പറഞ്ഞു. വീട്ടിലെ ഒരംഗത്തെപ്പോലെ ഇത്രയും അവശതകളുള്ള വൃദ്ധ ദമ്പതികളെ ചികിത്സിച്ച ഒരു നഴ്‌സിനാണ് കൊറോണ രോഗം പിടിപെട്ടത്. രോഗമുക്തി നേടിയ നേഴ്സ് രേഷ്മയെ ഫോണിൽ വിളിച്ചു അന്ന് സന്തോഷം പങ്കിട്ടതായും ആരോഗ്യ മന്ത്രി പറഞ്ഞു.

വിവിധ മേഖലകളിലുള്ള എല്ലാവരുടെയും കൂട്ടായ പരിശ്രമമായിരുന്നു അന്ന് കോവിഡിനെ തുരത്താൻ സഹായിച്ചതെന്ന് ആരോഗ്യ മന്ത്രി പറഞ്ഞു. കോവിഡിനെതിരായ പോരാട്ടം ഇന്നും തുടരുകയാണ്. എല്ലാ ആരോഗ്യ പ്രവർത്തകരും മറ്റു ജീവനക്കാരും കോവിഡിനെതിരെയുള്ള പോരാട്ടത്തിൽ നിസ്വാർത്ഥ സേവനമാണ് ചെയ്യുന്നതെന്ന് ആരോഗ്യ മന്ത്രി പറഞ്ഞു. കോവിഡ് ഭീതി ഇപ്പോഴും വിട്ടകന്നിട്ടില്ല. അശ്രദ്ധ വീണ്ടും രോഗബാധിതരുടെ എണ്ണം ഉയർത്തും. കോവിഡ് പ്രതിരോധ മാർഗ്ഗ നിർദേശങ്ങൾ എല്ലാവരും കൃത്യമായി പാലിക്കാൻ തയ്യാറാകണമെന്നും ആരോഗ്യ മന്ത്രി ഓർമ്മിപ്പിച്ചു.