കോട്ടയം: കോവിഡ് രോഗബാധ ജില്ലയിൽ സ്ഥിരീകരിച്ചതോടെ ആരോഗ്യ വകുപ്പ് ജാഗ്രതയിലായിരുന്നു. കോട്ടയം മെഡിക്കൽ കോളേജിൽ കൊറോണ ഐസൊലേഷൻ വാർഡ് പ്രത്യേകമായി സജ്ജമാക്കി. ഏതു അടിയന്തിര സാഹചര്യത്തെയും നേരിടാനായി തയ്യാറായിരുന്നു മെഡിക്കൽ കോളേജിലെ ആരോഗ്യ പ്രവർത്തകരുടെ സംഘം. രോഗബാധിതർ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചതോടെ വിശ്രമമില്ലാതെ സ്വന്തം ജീവൻ പോലും പണയം വെച്ചാണ് ആരോഗ്യ പ്രവർത്തകർ രോഗബാധിതരെ പരിചരിച്ചത്.
ആഗോള മഹാമാരിക്കെതിരെ ലോകത്തിനു മുന്നിൽ കോട്ടയത്തിനു അഭിമാനമായി മാറിയ കരുതലിന്റെ കാര്യങ്ങളായിരുന്നു കോട്ടയം മെഡിക്കൽ കോളേജിലെ സ്റ്റാഫ് നേഴ്സായ പാപ്പാ ഹെൻട്രിയുടെയും രേഷ്മ മോഹൻദാസിന്റെയും. ഏറ്റവും പ്രായം കൂടിയ രോഗബാധിതരെ കൂടെ നിന്ന് പരിചരിച്ച രേഷ്മയ്ക്കും രോഗബാധ സ്ഥിരീകരിച്ചിരുന്നു. ഏതു ജില്ലയിലെ കൊറോണ വാർഡിലും ജോലി ചെയ്യാൻ തയ്യാറാണെന്ന് സന്നദ്ധത അറിയിച്ച പാപ്പാ ഹെൻട്രിയെ മുഖ്യമന്ത്രി പിണറായി വിജയൻ പ്രശംസിച്ചിരുന്നു. കോവിഡ് മഹാമാരിക്കെതിരെ നിസ്വാർത്ഥ സേവനം കാഴ്ച്ചവെച്ച രേഷ്മയെ വോഗ് ഇന്ത്യ മാഗ്സസെൻ വുമൺ ഓഫ് ദി ഇയർ വാരിയർ ഓഫ് ദി ഇയർ പുരസ്ക്കാരം നൽകി ആദരിച്ചു. ഇവർക്കൊപ്പം മെഡിക്കൽ കോളേജിലും ഒപ്പം കോട്ടയത്തിന്റെയും അഭിമാനം വാനോളം ഉയർന്നു.
കോവിഡ് ബാധിതരായി കോട്ടയം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചവരെ കരുതലോടെ പരിചരിച്ച ആരോഗ്യ പ്രവർത്തകയാണ് ഇടുക്കി പീരുമേട് സ്വദേശിനിയായ പാപ്പാ ഹെൻട്രി. ഇറ്റലിയില്‍ നിന്ന് വന്ന കുടുംബാംഗങ്ങളില്‍ നിന്നും രോഗം പിടിപെട്ട പത്തനംതിട്ടയിലെ തോമസ് (93) മറിയാമ്മ (88) ദമ്പതികളെ സ്വന്തം മാതാപിതാക്കളെന്ന പോലെ പരിചരിക്കുന്നതിനിടെയാണ് രേഷ്മയ്ക്ക് രോഗബാധ സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് ആദ്യം കോവിഡ് രോഗബാധ സ്ഥിരീകരിച്ച ആരോഗ്യ പ്രവർത്തകയാണ് രേഷ്മ. കൊറോണയെ തോല്‍പ്പിക്കാന്‍ വീണ്ടുമെത്തുമെന്നു പറഞ്ഞു രേഷ്മ ഏവർക്കും മാതൃകയായി നമ്മുടെ ആരോഗ്യരംഗത്തെ തിളങ്ങുന്ന നക്ഷത്രമായാണ് രോഗം ഭേദമായി വീട്ടിലേക്ക് പോയത്.
കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളെ ആത്മത്യാഗ സന്നദ്ധതയോടെ സൈധര്യം ഏറ്റെടുത്ത ജില്ലയിലെ മുഴുവൻ ആരോഗ്യ പ്രവർത്തകരെയും അഭിമാനപൂർവ്വം ആദരിക്കുകയാണ് ഈ നിമിഷം. ആദ്യഘട്ടത്തിൽ 17 ഡോക്ടർമാരും 51 നേഴ്‌സിങ് ജീവനക്കാരും 30 മറ്റു ജീവനക്കാരുമാണ് വിശ്രമമില്ലാതെ ഭീതിപ്പെടുത്തുന്ന വാർത്തകൾക്കിടയിലും സ്വന്തം ജീവൻ പോലും പണയം വെച്ച് കോവിഡിനെതിരെ പോരാടിയതെന്നു പാപ്പാ ഹെൻട്രിയും രേഷ്മ മോഹൻദാസും ഓർക്കുന്നു. ഏറ്റവും പ്രായമായവരെ ചികിൽസിച്ചു ഭേതമാക്കിയ ആത്മവിശ്വാസമാണ് തങ്ങളെ കാസർഗോഡ് കൊറോണ വാർഡിൽ സേവനം ചെയ്യാൻ ധൈര്യം നൽകിയതെന്ന് പാപ്പാ ഹെൻട്രി പറയുന്നു.
രോഗമുക്തയായപ്പോൾ ആരോഗ്യ മന്ത്രി കെ കെ ശൈലജ ടീച്ചർ തന്നെ വിളിച്ചു സന്തോഷം പങ്കിട്ടതായി രേഷ്മ പറഞ്ഞു. ചെറിയ പനി ഉണ്ടായതിനെ തുടർന്നാണ് പരിശോധനയ്ക്ക് വിധേയയായത്. തുടർന്ന് രോഗബാധ സ്ഥിരീകരിക്കുകയായിരുന്നു. കോവിഡ് പ്രതിരോധത്തിനായി അശ്രാന്തം രാപ്പകലില്ലാതെ കഷ്ടപ്പെട്ട മെഡിക്കൽ ടീംസ് ഉണ്ട് (ഡോക്ടർമാർ, നഴ്സസ്, ലാബോറട്ടറി വിഭാഗം, റേഡിയോളജി വിഭാഗം,നഴ്സിംഗ് അസിസ്റ്റൻഡുമാർ, ലാസ്റ്റ് ഗ്രേഡ് ജീവനക്കാർ, സെക്യൂരിറ്റി വിഭാഗം) ഇവരുടെയെല്ലാം ആത്മാർത്ഥ സേവനം കൊണ്ടാണ് അന്ന് കോട്ടയത്തെ ഗ്രീൻ സോണിലെത്തിച്ചത് എന്ന് ഇരുവരും പറയുന്നു.
തുടക്കത്തിൽ ജില്ലയിൽ കോവിഡ് പ്രതിരോധത്തിനായി ഒരു സംഘം ആരോഗ്യ പ്രവർത്തകരാണ് ഉണ്ടായിരുന്നതെങ്കിൽ ഇന്ന് പ്രതിരോധ പ്രവർത്തനങ്ങളിൽ മുഴുവൻ ആരോഗ്യ പ്രവർത്തകരും മറ്റു ജീവനക്കാരും പങ്കാളികളാണ്. കോവിഡിനെതിരെയുള്ള തേരോട്ടത്തിൽ എല്ലാ വിഭാഗത്തിന്റെയും സേവനം അവിസ്മരണീയമാണ്.