കോട്ടയം: പൊതുജനങ്ങള്‍ക്കുള്ള കോവിഡ് വാക്സിന്‍ വിതരണം കോട്ടയം ജില്ലയിൽ ആരംഭിച്ചു. കോവിഡ് പ്രതിരോധ വാക്സിൻ വിതരണ കേന്ദ്രമായ കോട്ടയം മെഡിക്കൽ കോളേജിൽ ആദ്യം വാക്സിൻ സ്വീകരിച്ചത് ജസ്റ്റിസ് കെ.ടി. തോമസ് ആണ്. ഇദ്ദേഹത്തിന്റെ ഭാര്യ തരുമി തോമസും കോവിഡ് പ്രതിരോധ വാക്സിൻ സ്വീകരിച്ചു. തുടർന്ന് സിപിഐഎം കോട്ടയം ജില്ലാ സെക്രട്ടറി വി എൻ വാസവൻ വാക്സിൻ സ്വീകരിച്ചു.
പൊതുജനങ്ങൾക്കായുള്ള കോവിഡ് വാക്സിൻ വിതരണം ഇന്ന് മുതലാണ് ആരംഭിച്ചത്. 60 വയസ്സിനു മുകളിലുള്ളവർക്കും 45 വയസ്സിനു മുകളിൽ പ്രായമുള്ള മറ്റു രോഗങ്ങൾ ഉള്ളവർക്കുമാണ് ഇപ്പോൾ വാക്സിൻ ലഭ്യമാക്കിയിരിക്കുന്നത്. കോവിഡ് വാക്സിനേഷനായി കോവിൻ പോർട്ടലിൽ ഓൺലൈനായി രജിസ്റ്റർ ചെയ്യണം. വാക്സിൻ ലഭ്യമാകുന്നതനുസരിച്ച് എല്ലാവരും വാക്സിൻ സ്വീകരിക്കണമെന്ന് ജസ്റ്റിസ് കെ.ടി. തോമസ് പറഞ്ഞു. വാക്സിൻ സ്വീകരിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
എല്ലാവരും കോവിഡ് വാക്സിനേഷൻ സ്വീകരിക്കുന്നത് കോവിഡ് പ്രതിരോധത്തിനും ആരോഗ്യ സംരക്ഷണത്തിനും സുരക്ഷിതമായിരിക്കും എന്ന് വി എൻ വാസവൻ പറഞ്ഞു. കോട്ടയം മെഡിക്കൽ കോളേജ് സൂപ്രണ്ട് ഡോ.ടി കെ ജയകുമാർ, എൻഎച്എം ജില്ലാ പ്രോഗ്രാം മാനേജർ ഡോ.വ്യാസ് സുകുമാരൻ തുടങ്ങിയവർ സന്നിഹിതരായിരുന്നു.