കോവിഡ് മുന്‍നിര പ്രവർത്തകർക്കുള്ള രണ്ടാം ഡോസ് കോവാക്സിൻ വിതരണ ക്യാമ്പ് 16 നും 19നും;ജില്ലാ കളക്ടർ.


കോട്ടയം: കോവിഡ് മുന്‍നിര പ്രവര്‍ത്തകരായി പരഗണിക്കപ്പെടുന്ന റവന്യു, പോലീസ്, തദ്ദേശസ്വയംഭരണ വകുപ്പുകളിലെയും കേന്ദ്ര സേനാ വിഭാഗങ്ങളിലെയും ജീവനക്കാര്‍ക്കായുള്ള  രണ്ടാം ഡോസ്‌ കോവാക്സിൻ വിതരണം മാര്‍ച്ച് 16, 19 തീയതികളിൽ തെരഞ്ഞെടുത്ത 24 കേന്ദ്രങ്ങളിൽ നടക്കുമെന്ന് ജില്ലാ കളക്ടർ എം അഞ്ജന അറിയിച്ചു. 

ഈ  കേന്ദ്രങ്ങളിൽ മാര്‍ച്ച് 16നും 19നും മറ്റാര്‍ക്കും വാക്സിന്‍ വിതരണം ഉണ്ടായിരിക്കില്ല. ഫെബ്രുവരി 12 മുതൽ  ഒന്നാം ഡോസ് കോവാക്സിൻ സ്വീകരിച്ച് 28 ദിവസം പൂർത്തിയാക്കിയ  ജീവനക്കാര്‍ ആദ്യ ഡോസ് സ്വീകരിച്ച  കേന്ദ്രങ്ങളിൽ തന്നെ എത്തി രണ്ടാം ഡോസ്  സ്വീകരിക്കണം.  ആദ്യ ഡോസ് സ്വീകരിച്ചപ്പോള്‍ നൽകിയ സമ്മതപത്രം പൂർണമാക്കേണ്ടതിനാൽ  ഇവർ മറ്റു കേന്ദ്രങ്ങളിലെത്തിയാൽ വാക്സിൻ നൽകാനാവില്ല. രണ്ടാം ഡോസിനായി വീണ്ടും പോർട്ടലിൽ രജിസ്റ്റർ ചെയ്യേണ്ടതില്ല. ആദ്യ ഡോസ് നൽകിയപ്പോൾ  പാർശ്വഫലങ്ങൾ ഉണ്ടായാൽ രേഖപ്പെടുത്തുന്നതിനായി നൽകിയ ഫോറം രണ്ടാം ഡോസ് വാക്സിനേഷനായി വരുമ്പോൾ കൊണ്ടുവരണം.

ജില്ലയിൽ 4039 പേരാണ് ആദ്യ ഡോസ് കോവാക്സിൻ സ്വീകരിച്ചത്.  ഇവർക്ക് രണ്ടാം ഡോസും ഇതേ വാക്സിൻ തന്നെ നൽകേണ്ടതിനാൽ ഇതിനായി പ്രത്യേക ക്രമീകരണമാണ് ഏർപ്പെടുത്തിയിട്ടുള്ളത്. പാലാ, ചങ്ങനാശേരി, കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രികൾ, വൈക്കം, പാമ്പാടി, കുറവിലങ്ങാട്  താലൂക്ക് ആശുപത്രികൾ, അറുനൂറ്റിമംഗലം, ഇടയാഴം, ഇടയിരിക്കപ്പുഴ, എരുമേലി, കുമരകം, പൈക, ഉള്ളനാട്, ഏറ്റുമാനൂർ, തലയോലപ്പറമ്പ് സാമൂഹികാരോഗ്യ കേന്ദ്രങ്ങൾ, അതിരമ്പുഴ, കുറുപ്പുന്തറ, മാടപ്പള്ളി, കടപ്ലാമറ്റം, പുതുപ്പള്ളി, തീക്കോയി പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങൾ, മുട്ടമ്പലം സർക്കാർ എൽ പി സ്‌കൂൾ, ബേക്കർ മെമ്മോറിയൽ സ്‌കൂൾ, ജില്ലാ കളക്ടറുടെ ക്യാമ്പ് ഹൗസ് എന്നിവിടങ്ങളിലാണ് ഈ ദിവസങ്ങളിൽ കോവിഡ് മുന്‍നിര പ്രവർത്തകർക്കുള്ള രണ്ടാം ഡോസ് കോവാക്സിൻ വിതരണം നടക്കുക.