കോവിഡ് വാക്സിൻ വിതരണം:ജില്ലയിൽ മൂന്നിടത്ത് മെഗാ ക്യാമ്പുകൾ നാളെ;ജില്ലാ കളക്ടർ.


കോട്ടയം: കോവിഡ് വാക്സിന്‍ വിതരണത്തിനായി ജില്ലയിൽ നാളെ മൂന്നിടത്ത് മെഗാ  ക്യാമ്പുകള്‍ നടത്തും എന്ന് ജില്ലാ കളക്ടർ എം അഞ്ജന അറിയിച്ചു. അതിരമ്പുഴ പാരിഷ് ഹാൾ, ചെത്തിപ്പുഴ സ്വർഗക്ഷേത്ര ഓഡിറ്റോറിയം, ചങ്ങനാശേരി ജനറൽ ആശുപത്രി എന്നിവിടങ്ങളിൽ നടക്കുന്ന ക്യാന്പുകളില്‍ ആയിരം പേര്‍ക്കു വീതം വാക്സിന്‍ നല്‍കും.

60 വയസിനു മുകളിലുള്ളവർക്കും തെരഞ്ഞെടുപ്പുദ്യോഗസ്ഥർക്കും പ്രതിരോധ കുത്തിവയ്പ്പ് സമയബന്ധിതമായി പൂര്‍ത്തീകരിക്കുന്നതിന് വേണ്ടിയാണ് ഈ ക്രമീകരണം എന്ന് ജില്ലാ കളക്ടർ പറഞ്ഞു. മുൻഗണനാ വിഭാഗത്തിൽ പെടുത്തിയിട്ടുള്ളവർക്ക് തത്സമയം രജിസ്റ്റർ ചെയ്തും  വാക്സിന്‍ സ്വീകരിക്കാം. ആരോഗ്യ പ്രവര്‍ത്തകര്‍(രണ്ടാമത്തെ ഡോസ്),കോവിഡ് പ്രതിരോധത്തിന്‍റെ മുന്‍നിര പ്രവര്‍ത്തകര്‍, അറുപതു വയസിന് മുകളിലുള്ളവര്‍, 45ല്‍ അധികം പ്രായവും ഗുരുതര ആരോഗ്യ പ്രശ്നങ്ങളും ഉള്ളവര്‍ എന്നീ വിഭാഗങ്ങളില്‍ പെട്ടവര്‍ക്കാണ് ഇപ്പോള്‍ വാക്സിന്‍ നല്‍കിവരുന്നത്.

cowin.gov.in എന്ന പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യാൻ കഴിയാത്തവർക്കും മെഗാ ക്യാമ്പിൽ കുത്തിവയ്പ്പ് സ്വീകരിക്കാം. ജനറൽ, താലൂക്ക് ആശുപത്രികളിലും സാമൂഹിക ആരോഗ്യ കേന്ദ്രങ്ങളിലും തെരഞ്ഞെടുക്കപ്പെട്ട പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിലും വാക്സിനേഷൻ ഉണ്ടാകും.