മുതിർന്നവർക്കുള്ള വാക്സിൻ വിതരണം ഇന്ന് ആരംഭിക്കും,രജിസ്‌ട്രേഷൻ നടപടികൾ എങ്ങനെയെന്നറിയാം.


കോട്ടയം: മുതിർന്നവർക്കുള്ള വാക്സിൻ വിതരണം ഇന്ന് മുതൽ ആരംഭിക്കും. 60 വയസ്സിനു മുകളിലുള്ളവർക്കും 45 വയസ്സിനു മുകളിൽ പ്രായമുള്ള മറ്റു രോഗങ്ങൾ ഉള്ളവർക്കുമാണ് രണ്ടാം ഘട്ടത്തിൽ വാക്സിൻ ലഭ്യമാക്കുക. സർക്കാർ-സ്വകാര്യ കേന്ദ്രങ്ങളിലായാണ് വാക്സിൻ വിതരണം ചെയ്യുന്നത്.

സർക്കാർ കേന്ദ്രങ്ങളിൽ വാക്സിൻ പൂർണ്ണമായും സൗജന്യമായാണ് നൽകുന്നത്. സ്വകാര്യ കേന്ദ്രങ്ങളിൽ വാക്സിന് 250 രൂപയാണ് ഈടാക്കുന്നത്. എല്ലാ സർവ്വീസ് ചാർജുകളും ഉൾപ്പടെയുള്ള നിരക്കാണ് ഇതെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു. 

കോവിഡ് വാക്സിനേഷനായി രജിസ്റ്റർ ചെയ്യേണ്ടത് ഇങ്ങനെ:

*ഇന്ന് രാവിലെ ഒൻപതു മുതൽ cowin.gov.in എന്ന പോർട്ടലിൽ രജിസ്റ്റർ  ചെയ്യാം.

*ആദ്യമായി മൊബൈൽ നമ്പർ എന്റർ ചെയ്യണം.

*തുടർന്ന് ഈ മൊബൈൽ നമ്പറിൽ ലഭിക്കുന്ന ഒടിപി ഉപയോഗിച്ച് രജിസ്ട്രേഷൻ നടത്താം.

*ഒരു  മൊബൈൽ നമ്പർ ഉപയോഗിച്ച് നാലുപേരുടെ വരെ രജിസ്ട്രേഷൻ നടത്താം.

*വാക്സിൻ സ്വീകരിക്കേണ്ടവരുടെ പേര്, പ്രായം തിരിച്ചറിയൽ രേഖയുടെ വിവരങ്ങൾ തുടങ്ങിയ വിവരങ്ങൾ എന്റർ  ചെയ്യണം.

*45 - 60 പ്രായപരിധിയിലുള്ള ആളാ ണെങ്കിൽ  നിലവിൽ നേരിടുന്ന ഗുരുതര ആരോഗ്യ പ്രശ്നം എന്തെന്ന് വ്യക്തമാക്കണം. 

*ഇതിനായി പോർട്ടലിൽ തന്നെയുള്ള രോഗങ്ങളുടെ പട്ടികയിൽ ബാധകമായത് സെലക്ട് ചെയ്താൽ മതിയാകും.

*രജിസ്ട്രേഷൻ ഉള്ള ഏതെങ്കിലും ഒരു ഡോക്ടറുടെ പക്കൽനിന്നും നിശ്ചിത മാതൃകയിലുള്ള മെഡിക്കൽ സർട്ടിഫിക്കറ്റ് വാങ്ങണം. 

*സർട്ടിഫിക്കറ്റിന്റെ മാതൃക പോർട്ടലിൽ ലഭിക്കും.

*സംസ്ഥാനം, ജില്ല എന്നിവ തെരഞ്ഞെടുത്താൽ വാക്സിൻ ലഭിക്കുന്ന കേന്ദ്രവും തീയതിയും തിരഞ്ഞെടുക്കാൻ സാധിക്കും.

*60 വയസിന്  മുകളിൽ പ്രായമുള്ളവർ രജിസ്റ്റർ ചെയ്യുമ്പോൾ നൽകിയ തിരിച്ചറിയൽ രേഖയുമായി ആണ് വാക്സിൻ സ്വീകരിക്കാൻ 

  എത്തേണ്ടത്.

*45 - 60 പ്രായപരിധിയിൽ ഉള്ളവർ  തിരിച്ചറിയൽ രേഖയ്ക്കൊപ്പം മെഡിക്കൽ സർട്ടിഫിക്കറ്റും ഹാജരാക്കണം. 

*നിലവിൽ വാക്സിൻ വിതരണ കേന്ദ്രങ്ങളിൽ നേരിട്ടെത്തി രജിസ്റ്റർ ചെയ്യാൻ ക്രമീകരണം ഏർപ്പെടുത്തിയിട്ടില്ല.