സ്വതന്ത്ര സ്ഥാനാർത്ഥികൾ വിജയിച്ച ചരിത്രമുറങ്ങുന്ന ഏറ്റുമാനൂരിലെ മണ്ണിൽ ഇത്തവണ എന്ത് സംഭവിക്കും?


ഏറ്റുമാനൂർ: നിയമസഭാ തെരഞ്ഞെടുപ്പിൽ രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്ന മണ്ഡലങ്ങളിൽ ഒന്നായി മാറി ഏറ്റുമാനൂർ. യുഡിഎഫ് സെറ്റ് നിഷേധിച്ചതോടെ തല മുണ്ഡനം ചെയ്തു സ്വതന്ത്ര സ്ഥാനാർത്ഥിയായി ലതികാ സുഭാഷ് മത്സര രംഗത്തിറങ്ങിയതോടെ രാഷ്ട്രീയ കേരളത്തിന്റെ ശ്രദ്ധ ഏറ്റുമാനൂരിലേക്ക് നീണ്ടു. മുൻപും സ്വതന്ത്ര സ്ഥാനാർത്ഥികൾ വിജയിച്ച ചരിത്രമുറങ്ങുന്ന മണ്ണാണ് ഏറ്റുമാനൂരിലേത്. മുന്നണികളും ഒപ്പം സ്ഥാനാർത്ഥികളും കടുത്ത മത്സരത്തിലാണ്. 

                യുഡിഎഫിനോട് മത്സരമില്ല എന്ന് ലതികാ സുഭാഷ് ആവർത്തിക്കുമ്പോഴും പരമാവധി വോട്ട് നേടി വിജയിക്കാനാണ് കേരളാ കോൺഗ്രസ്സ് സ്ഥാനാർത്ഥിയായി മത്സരിക്കുന്ന പ്രിൻസ് ലൂക്കോസിന്റെ ശ്രമം. ഇഅടതുപക്ഷത്തിന്റെ കയ്യിൽ നിന്നും ഏറ്റുമാനൂർ സീറ്റ് തിരികെയെടുക്കാനുള്ള കടുത്ത മത്‌സരമാണ് യുഡിഎഫിനുള്ളിൽ നടക്കുന്നത്. മത്‌സരം കടുത്തതോടെ പ്രചാരണ രംഗത്ത് ഒരു ചുവട് മുന്നിലാണ് എൽഡിഎഫ് സ്ഥാനാർഥി വി എൻ വാസവൻ. മേഖലയിലെ എല്ലാ സ്ഥലങ്ങളിലും നേരിട്ടെത്തി വോട്ടഭ്യർത്ഥിക്കുകയാണ് വി എൻ വാസവൻ.  

               യുഡിഎഫിനൊപ്പം എൻഡിഎ യ്ക്കും തലവേദനയായി മാറിയ ഏറ്റുമാനൂർ മണ്ഡലത്തിൽ പ്രഖ്യാപിച്ച രണ്ടു സ്ഥാനാർഥികളെയും മാറ്റി ബിജെപി സ്ഥാനാർത്ഥിയായി ടി എൻ ഹരികുമാറാണ് മത്സരിക്കുന്നത്. മൂന്നു മുന്നണികളിലും ശക്തരായ നേതാക്കൾ കളം നിറയുമ്പോൾ സ്വതന്ത്ര സ്ഥാനാർത്ഥിയായി ലതികാ സുഭാഷും പ്രചാരണം ശക്തമാക്കുകയാണ്.