പോളിംഗ് ഉദ്യോഗസ്ഥരുടെ രണ്ടാം ഘട്ട റാന്‍ഡമൈസേഷന്‍ നടത്തി;ജില്ലാ കളക്ടർ.


കോട്ടയം: നിയമസഭാ തിരഞ്ഞെടുപ്പിലെ പോളിംഗ് ഉദ്യോഗസ്ഥരുടെ  രണ്ടാം ഘട്ട റാന്‍ഡമൈസേഷന്‍ ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കളക്ടര്‍ എം. അഞ്ജന നിര്‍വഹിച്ചു. കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിയോഗിച്ച പൊതു നിരീക്ഷകരുടെ സാന്നിധ്യത്തിലായിരുന്നു നടപടികള്‍. ഇ- പോസ്റ്റിംഗ് സോഫ്റ്റ് വെയര്‍ മുഖേന 11428 ഉദ്യോഗസ്ഥര്‍ പോളിംഗ് ജോലി ചെയ്യേണ്ട നിയോജക മണ്ഡലങ്ങള്‍ ഏതൊക്കെ എന്നാണ് രണ്ടാം ഘട്ട റാന്‍ഡമൈസേഷനിലൂടെ നിര്‍ണയിച്ചത്. 

    ഓരോ മണ്ഡലത്തിലും വനിതകള്‍ നിയന്ത്രിക്കുന്ന ഓരോ ബൂത്തുകളാണുള്ളത്. ഇവ ഒഴികെയുള്ള 2397 ബൂത്തുകളിലേക്ക് ഒന്നുവിതം പ്രിസൈഡിംഗ് ഓഫീസര്‍മാരും ഫസ്റ്റ്, സെക്കന്‍ഡ്, തേർഡ് പോളിംഗ് ഓഫീസര്‍മാരുമാണ് വേണ്ടത്. ഇതിനു പുറമെ ഓരോ വിഭാഗത്തിലും 460 പേരെ അധികമായും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇതില്‍ 5806 പേര്‍ പുരുഷന്‍മാരും 5622 പേര്‍ സ്ത്രീകളുമാണ്. വനിതകള്‍ നിയന്ത്രിക്കുന്ന ബൂത്തുകളിലേക്കുള്ള ജീവനക്കാരെ പ്രത്യേകമായാണ് നിയോഗിക്കുക. കേന്ദ്ര നിരീക്ഷകരായ പണ്ഡാരി യാദവ്, ആലിസ് വാസ്, പ്രദീപ് കുമാര്‍ ചക്രവര്‍ത്തി, അമര്‍പാല്‍ സിംഗ്, സന്ദീപ് കുമാര്‍,  തിരഞ്ഞെടുപ്പ് ഡെപ്യൂട്ടി കളക്ടര്‍ എസ്.എല്‍. സജികുമാര്‍ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു. ഉദ്യോഗസ്ഥരെ ജോലിക്ക് നിയോഗിക്കുന്ന പോളിംഗ് ബൂത്തുകള്‍ നിര്‍ണയിക്കുന്ന അന്തിമ റാന്‍ഡമൈസേഷന്‍ പിന്നീട് നടക്കും.