പരമാവധി വോട്ടർമാരെ നേരിൽ കാണാൻ ബുള്ളറ്റിൽ പര്യടനം നടത്തി ലതികാ സുഭാഷ്.


ഏറ്റുമാനൂർ: തെരഞ്ഞെടുപ്പിന്റെ നാളുകൾ അടുത്തതോടെ എല്ലാ മണ്ഡലങ്ങളിലും സ്ഥാനാർത്ഥികൾ വോട്ടുറപ്പിക്കാനുള്ള കഠിന പരിശ്രമത്തിലാണ്. പ്രചാരണം മൂന്നാം ഘട്ടവും കഴിഞ്ഞു നാലാം ഘട്ടത്തിലേക്ക് പ്രവേശിച്ച മണ്ഡലങ്ങളും ജില്ലയിലുണ്ട്. പരമാവധി വോട്ടർമാരെ നേരിൽ കണ്ടു വോട്ടഭ്യർത്ഥിക്കുകയാണ് ഏറ്റുമാനൂർ നിയോജക മണ്ഡലം സ്വന്തന്ത്ര സ്ഥാനാർഥി ലതികാ സുഭാഷ്.

     കൂടുതൽ ആളുകളെ നേരിൽ കാണുന്നതിനും കൂടുതൽ സ്ഥലങ്ങളിലേക്ക് എത്താനായി ഇപ്പോൾ ബുള്ളറ്റിൽ സുഹൃത്തിനൊപ്പമാണ് പര്യടനം. രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്ന മണ്ഡലങ്ങളിൽ ഒന്നായ ഏറ്റുമാനൂരിൽ ശക്തമായ പ്രചാരണമാണ് എല്ലാ സ്ഥാനാർത്ഥികളും കാഴ്ച്ച വെയ്ക്കുന്നത്. എടുത്താൽ പൊങ്ങാത്ത  വാഗ്ദാനങ്ങളല്ല ജനങ്ങളുടെ ഏതാവശ്യത്തിനും കൂടെയുണ്ടാകുമെന്ന ഉറപ്പാണ് താൻ നൽകുന്നതെന്ന് ലതികാ സുഭാഷ് പറഞ്ഞു.

     അതിരമ്പുഴ,അയ്മനം,ഏറ്റുമാനൂർ,കുമരകം മേഖലകളിൽ സജീവ പ്രചാരണ പ്രവർത്തനങ്ങളിലായിരുന്നു കഴിഞ്ഞ ദിവസം ലതികാ സുഭാഷ്. സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കുന്ന മഹിളാ കോൺഗ്രസ്സ് മുൻഅധ്യക്ഷയായ ലതികാ സുഭാഷിന്റെ കേന്ദ്ര തിരെഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് പ്രവർത്തനം ആരംഭിച്ചു. ഓഫീസിന്റെ ഉദ്ഘാടനം ജോർജ് കുര്യൻ പുളിക്കപ്പറമ്പിൽ നിർവഹിച്ചു. പിന്തുണ പ്രഖ്യാപിച്ചു സ്വഭിമാൻ പാർട്ടി സംസ്ഥാന പ്രസിഡന്റ്‌ അഡ്വ ബിജു പങ്കെടുത്തു.വൺ ഇന്ത്യ വൺ പെൻഷൻ പിന്തുണയും ലതികാ സുഭാഷിന് ലഭിച്ചിട്ടുണ്ട്.