ആബ്സന്‍റീ വോട്ടര്‍മാര്‍ക്ക് അപേക്ഷാ ഫോറം വിതരണം വേഗത്തിൽ പൂർത്തീകരിക്കണം;ജില്ലാ കളക്ടര്‍.


കോട്ടയം: പോളിംഗ് ബൂത്തില്‍ നേരിട്ട് എത്തി വോട്ടു ചെയ്യാന്‍ കഴിയാത്ത ആബ്സന്‍റീ വോട്ടര്‍മാര്‍ക്ക് തപാല്‍ വോട്ടു ചെയ്യുന്നതിനുള്ള 12 ഡി അപേക്ഷാ ഫോറത്തിന്‍റെ വിതരണം വേഗത്തില്‍ പൂര്‍ത്തീകരിക്കണമെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കളക്ടര്‍ എം. അഞ്ജന നിര്‍ദേശിച്ചു. നിയമസഭാ തിരഞ്ഞെടുപ്പിന്‍റെ മുന്നൊരുക്കങ്ങള്‍ വിലയിരുത്തുന്നതിനായി കളക്ടറേറ്റില്‍ ചേര്‍ന്ന വരണാധികാരികളുടെയും ഇലക്ടറല്‍ രജിസ്ട്രേഷന്‍ ഓഫീസര്‍മാരുടെയും യോഗത്തില്‍ സംസാരിക്കുകയായിരുന്നു കളക്ടര്‍.

ബൂത്ത് ലെവല്‍ ഓഫീസര്‍മാര്‍ മുഖേനയാണ് ഫോറം വിതരണം ചെയ്യുന്നത്. ഫോറം വിതരണം സമയബന്ധിതമായി പൂര്‍ത്തീകരിക്കേണ്ടതിനാല്‍ ബൂത്ത് ലെവല്‍ ഓഫീസര്‍മാര്‍ പൂര്‍ണമായും ഈ പ്രവര്‍ത്തനങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കണം. ഫോറം വിതരണം ചെയ്യുന്നതിന് വീടുകളില്‍ പോകുന്ന ബി.എല്‍.ഒമാര്‍ കോവിഡ് പ്രതിരോധ വാക്സിന്‍ സ്വീകരിക്കണമെന്നും കോവിഡ് പ്രോട്ടോക്കോള്‍ കര്‍ശനമായി പാലിക്കണമെന്നും കളക്ടര്‍ നിര്‍ദേശിച്ചു. ബൂത്തുകളുള്ള കെട്ടിടങ്ങളില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പാടില്ല. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് സമര്‍പ്പിച്ചിട്ടുള്ള പട്ടികയില്‍ ഉള്‍പ്പെട്ട പോളിഗ് ബൂത്തുകള്‍ പ്രവര്‍ത്തിക്കുന്ന കെട്ടിടങ്ങള്‍ പൊളിക്കുവാനോ നവീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തുവാനോ പാടില്ല.

മാര്‍ച്ച് 10ന് മുന്‍പ് പോളിംഗ് ബൂത്തുകളില്‍ അടിസ്ഥാന സൗകര്യങ്ങള്‍ ഉറപ്പാക്കാന്‍ വരണാധികാരികള്‍ ശ്രദ്ധിക്കണം. റാമ്പുകള്‍, ടോയ്ലറ്റ് സൗകര്യം, വൈദ്യുതി ലഭ്യത തുടങ്ങിവ ഇല്ലാത്ത സ്ഥലങ്ങളില്‍ ഇവ സജ്ജമാക്കണം.ഇതിനായി അതത് സ്ഥാപനങ്ങളുടെ സഹകരണവും തേടാവുന്നതാണ്. ബയോ ടോയ്ലറ്റുകള്‍ ആവശ്യമെങ്കില്‍ ശുചിത്വമിഷന്‍റെ സഹായത്തോടെ ഒരുക്കണമെന്നും കളക്ടര്‍ നിർദേശിച്ചു. സബ് കളക്ടര്‍ രാജീവ് കുമാര്‍ ചൗധരിയും തിരഞ്ഞെടുപ്പ് ഡെപ്യൂട്ടി കളക്ടര്‍ എസ്.എല്‍. സജികുമാറും യോഗത്തില്‍ പങ്കെടുത്തു.