നിയമസഭാ തെരഞ്ഞെടുപ്പ്: എൽഡിഎഫ് സീറ്റ് വിഭജനത്തിൽ ജില്ലയിൽ കേരളാ കോൺഗ്രസ്സ് എമ്മിന് മേൽക്കൈ.


കോട്ടയം: നിയമസഭാ തെരഞ്ഞെടുപ്പിൽ കോട്ടയം ജില്ലയിലെ സീറ്റ് വിഭജനം കഴിഞ്ഞപ്പോൾ കേരളാ കോൺഗ്രസ്സ് എമ്മിന് ജില്ലയിൽ കൂടുതൽ സീറ്റുകൾ. എൽഡിഎഫ് മുന്നണിയിലെത്തിയ കേരളാ കോൺഗ്രസ്സ് എമ്മിന് കോട്ടയം ജില്ലയിലെ 5 സീറ്റുകൾ ലഭിച്ചു. യുഡിഎഫിൽ ആയിരുന്നപ്പോൾ ലഭിച്ച സീറ്റുകളെക്കാൾ കൂടുതലാണ് എൽഡിഎഫിൽ എത്തിയപ്പോൾ കേരളാ കോൺഗ്രസ്സിന് ലഭിച്ചത്.

സംസ്ഥാനത്ത് 13 സീറ്റുകളിലാണ് പാർട്ടി മത്സരിക്കുന്നത്. സിപിഐ യും സിപിഎമ്മും കേരളാ കോൺഗ്രസ്സിനായി സിറ്റിംഗ് സീറ്റുകളടക്കം വിട്ടു നൽകി. ജില്ലയിൽ 5 സീറ്റുകളിൽ കേരളാ കോൺഗ്രസ്സ് എം മത്സരിക്കുമ്പോൾ സിപിഎം 3 സീറ്റുകളിലും സിപിഐ ഒരു സീറ്റിലുമാണ് മത്സരിക്കുന്നത്. ജില്ലയിൽ സിപിഐ ക്ക് അർഹമായ പ്രാതിനിധ്യം ലഭിച്ചില്ലെന്ന പാരാതിയും ഉയരുന്നുണ്ട്. കാഞ്ഞിരപ്പള്ളി,പാലാ, ചങ്ങനാശ്ശേരി,കടുത്തുരുത്തി, പൂഞ്ഞാർ എന്നീ സീറ്റുകളിൽ കേരളാ കോൺഗ്രസ്സ് എമ്മും കോട്ടയം,ഏറ്റുമാനൂർ,പുതുപ്പള്ളി സീറ്റുകളിൽ സിപിഎമ്മും വൈക്കം സീറ്റിൽ സിപിഐ യുമാണ് മത്സരിക്കുന്നത്.

പാലായിൽ ജോസ് കെ മാണി,ചങ്ങനാശേരിയിൽ ജോബ് മൈക്കിൾ, കടുത്തുരുത്തിയിൽ സ്റ്റീഫൻ ജോർജ്, പൂഞ്ഞാറിൽ സെബാസ്റ്റ്യൻ കുളത്തുങ്കൽ,കാഞ്ഞിരപ്പള്ളിയിൽ എൻ ജയരാജ് എന്നിവരാണ് മത്സര രംഗത്തുള്ളത്. ഏറ്റുമാനൂരിൽ വി എൻ വാസവൻ,പുതുപ്പള്ളിയിൽ ജെയിക് സി തോമസ്,കോട്ടയത്ത് കെ അനിൽ കുമാർ എന്നിവരാണ് മത്‌സര രംഗത്തുള്ളത്. വൈക്കത്ത് സി കെ ആശാ മത്സരിക്കും.

സിപിഐ മത്സരിച്ചിരുന്ന കാഞ്ഞിരപ്പള്ളി സീറ്റും ഇത്തവണ നഷ്ടമായി. വൈക്കത്ത് മാത്രമാണ് നിലവിൽ ജില്ലയിൽ സിപിഐ ക്ക് സീറ്റുള്ളത്. വനിതകൾക്ക് കൂടുതൽ പ്രാതിനിധ്യം നൽകാതെയുള്ള സീറ്റ് വിഭജനമായിരുന്നു ജില്ലയിലേത്. ഒരു സീറ്റിൽ മാത്രമാണ് വനിതാ സ്ഥാനാർഥി മത്സരിക്കുന്നത്.