കോട്ടയം: നിയമസഭാ തിരഞ്ഞെടുപ്പില്‍ പ്രചാരണച്ചിലവുമായി ബന്ധപ്പെട്ട് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ പുറപ്പെടുവിച്ചിട്ടുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കുവാന്‍ രാഷ്ട്രീയ പാര്‍ട്ടികളും സ്ഥാനാര്‍ത്ഥികളും ശ്രദ്ധിക്കണമെന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിയോഗിച്ച ചിലവ് നിരീക്ഷകര്‍ നിര്‍ദേശിച്ചു.
ചിലവുകള്‍ കൃത്യമായി കണ്ടെത്താനും സ്ഥാനാര്‍ത്ഥികളുടെ കണക്കുകളില്‍ ഉള്‍പ്പെടുത്താനും ജില്ലയിലെ നിരീക്ഷണ സംവിധാനം ജാഗ്രത പുലര്‍ത്തണമെന്നും അവര്‍ പറഞ്ഞു. അഷിഷ് കുമാര്‍, സുമന്ത് ശ്രീനിവാസ്, ഷെയ്ഖ് അമീന്‍ഖാന്‍ യാസിന്‍ ഖാന്‍ എന്നീ നിരീക്ഷകര്‍ കളക്ടറേറ്റില്‍ ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കളക്ടര്‍ എം. അഞ്ജനയുമായും മറ്റ് ഉദ്യോഗസ്ഥരുമായും കൂടിക്കാഴ്ച്ച നടത്തുകയായിരുന്നു. പ്രചാരണവുമായി ബന്ധപ്പെട്ട സാമഗ്രികള്‍ക്ക് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസര്‍ നിര്‍ണയിച്ചിട്ടുള്ള നിരക്കുകളുടെ അടിസ്ഥാനത്തിലാണ് ചിലവ് കണക്കാക്കേണ്ടത്. തിരഞ്ഞെടുപ്പ് ചിലവുകളുമായി ബന്ധപ്പെട്ട പണമിടപാടുകള്‍ക്കു മാത്രമായി നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുന്നതിനു മുന്‍പ് സ്ഥാനാര്‍ഥികള്‍ പ്രത്യേക ബാങ്ക് അക്കൗണ്ട് തുടങ്ങേണ്ടതുണ്ട്. പതിനായിരം രൂപയ്ക്ക് മുകളിലുള്ള എല്ലാ പണമിടപാടുകളും ഈ അക്കൗണ്ടിലൂടെ ചെക്ക്, ഡ്രാഫ്റ്റ്, ബാങ്ക് ട്രാന്‍സ്ഫര്‍ എന്നിവ മുഖേന മാത്രമേ നടത്താന്‍ പാടുള്ളൂ.
നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുന്നതിന് മുന്‍പ് തയ്യാറാക്കുകയും നാമനിര്‍ദേശ പത്രിക സമര്‍പ്പണത്തിനുശേഷവും പ്രചാരണത്തിനായി ഉപയോഗിക്കുകയും ചെയ്യുന്ന പോസ്റ്ററുകള്‍, ബാനറുകള്‍, ലഘുലേഖകള്‍ എന്നിവയുടെ ചിലവ് സ്ഥാനാര്‍ത്ഥിയുടെ തിരഞ്ഞെടുപ്പ് ചിലവില്‍ ഉള്‍പ്പെടുത്തണം. മീഡിയ സര്‍ട്ടിഫിക്കേഷന്‍ ആന്റ് മോണിട്ടറിംഗ് കമ്മിറ്റിയുടെ(എം.സി.എം.സി) സ്‌ക്രീനിംഗ് വിഭാഗം മാധ്യമങ്ങളില്‍ കണ്ടെത്തുന്ന പരസ്യങ്ങളുടെ ചിലവും ഇതേ രീതിയില്‍ കണക്കാക്കണമെന്ന് നിരീക്ഷകര്‍ നിര്‍ദേശിച്ചു. ജില്ലയില്‍ നിയോഗിക്കപ്പെട്ടിട്ടുള്ള വിവിധ സ്‌ക്വാഡുകളുടെ സേവനം ചിലവ് നിരീക്ഷണത്തിന് പരമാവധി പ്രയോജനപ്പെടുത്തണം. നിയമവിരുദ്ധമായ സാമ്പത്തിക ഇടപാടുകള്‍ക്കെതിരെയും മദ്യവും മയക്കുമരുന്നുകളും കടത്തുന്നതിനെതിരെയും ജാഗ്രത പുലര്‍ത്തണം എന്നും അവര്‍ പറഞ്ഞു.
ജില്ലയില്‍ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഇതുവരെ നടത്തിയിട്ടുള്ള തയ്യാറെടുപ്പുകള്‍ ജില്ലാ കളക്ടര്‍ എം. അഞ്ജന വിശദീകരിച്ചു. പോലീസിന്റെ ക്രമീകരണങ്ങളുടെ വിശദാംശങ്ങള്‍ ജില്ലാ പോലീസ് മേധാവി ഡി. ശില്‍പ്പ അവതരിപ്പിച്ചു. തിരഞ്ഞെടുപ്പ് ഡെപ്യൂട്ടി കളക്ടര്‍ എസ്.എല്‍. സജികുമാറും നോഡല്‍ ഓഫീസര്‍മാരും സന്നിഹിതരായിരുന്നു. മീഡിയ സര്‍ട്ടിഫിക്കേഷന്‍ ആന്റ് മോണിട്ടറിംഗ് കമ്മിറ്റിയുടെ മാധ്യമ നിരീക്ഷണ സെല്ലില്‍ കേന്ദ്ര നിരീക്ഷകര്‍ സന്ദര്‍ശനം നടത്തി.
ഏറ്റുമാനൂര്‍,കോട്ടയം, പുതുപ്പള്ളി മണ്ഡലങ്ങളുടെ ചുമതലയുള്ള നിരീക്ഷകനാണ് ആഷിഷ് കുമാര്‍. സുമന്ത് ശ്രീനിവാസിന് ചങ്ങനാശേരി, കാഞ്ഞിരപ്പള്ളി, പൂഞ്ഞാര്‍ മണ്ഡലങ്ങളുടെയും ഷെയ്ഖ് അമീന്‍ഖാന്‍ യാസിന്‍ ഖാന് പാലാ, കടുത്തുരുത്തി, വൈക്കം മണ്ഡലങ്ങളുടെയും ചുമതലയാണുള്ളത്.