കോട്ടയം: നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പോളിംഗ് കേന്ദ്രങ്ങളിലെ മുന്നൊരുക്കങ്ങള്‍ ജില്ലാ കളക്ടറും ജില്ലാ പോലീസ് മേധാവിയും വിലയിരുത്തി. ജില്ലാ വരണാധികാരിയും ജില്ലാ കളക്ടറുമായ എം അഞ്ജന,ജില്ലാ പോലീസ് മേധാവി ഡി.ശില്പ എന്നിവർ വിവിധ പോളിംഗ് കേന്ദ്രങ്ങൾ സന്ദർശിച്ചു ഒരുക്കങ്ങൾ വിലയിരുത്തി.
ജില്ലയില്‍ ആകെ 2406 പോളിംഗ് ബൂത്തുകളാണ് ക്രമീകരിക്കുന്നത്. ഇതില്‍ 842 ബൂത്തുകള്‍ അധികമായി ക്രമീകരിച്ച ഓക്സിലയറി ബൂത്തുകളാണ്. ഇതില്‍തന്നെ 59 ബൂത്തുകള്‍ താത്കാലികമായി സജ്ജമാക്കേണ്ടവയാണ്. 40 ക്രിട്ടിക്കല്‍ ബൂത്തുകളാണ് ജില്ലയിലുള്ളത് എന്നും ജില്ലാ കളക്ടർ എം അഞ്ജന പറഞ്ഞു. പോളിംഗ് കേന്ദ്രങ്ങളിൽ അടിസ്ഥാന സൗകര്യങ്ങൾ ഉറപ്പാക്കും. റാമ്പുകള്‍, വൈദ്യുതി ലഭ്യത, കുടിവെള്ള ലഭ്യത എന്നിവയും ടോയ്ലറ്റ് സൗകര്യം കുറവുള്ള സ്ഥലങ്ങളില്‍ ശുചിത്വ മിഷന്‍റെ സഹകരണത്തോടെ ബയോ ടോയ്ലറ്റുകളും ഉറപ്പാക്കുമെന്നും ജില്ലാ കളക്ടർ പറഞ്ഞു.
പോളിംഗ് ബൂത്തുകളില്‍ സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കും പ്രത്യേക ക്യൂ ഉണ്ടാകും എന്നും ഇതിനു പുറമെ ഭിന്നശേഷിക്കാര്‍ക്കും എണ്‍പതിനു മുകളില്‍ പ്രായമുള്ളവര്‍ക്കുമായി മൂന്നാമത് ഒരു ക്യൂകൂടി ഉണ്ടാകും എന്നും ജില്ലാ കളക്ടർ പറഞ്ഞു. ക്യൂവില്‍ സാമൂഹിക അകലം ഉറപ്പാക്കുന്നതിന് നില്‍ക്കേണ്ട സ്ഥലം മുന്‍കൂട്ടി മാര്‍ക്ക് ചെയ്യും. വോട്ടര്‍മാര്‍ അകലം പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിന് വോളണ്ടിയര്‍മാരുണ്ടാകും.