നിയമസഭാ തിരഞ്ഞെടുപ്പിന്‍റെ നടപടിക്രമങ്ങള്‍ക്ക് ജില്ലയിൽ വില്ലേജ് തലത്തില്‍ മേല്‍നോട്ടം വഹിക്കുന്നത് 218 സെക്ടര്‍ ഓഫീസര്‍മാര്‍.


കോട്ടയം: നിയമസഭാ തിരഞ്ഞെടുപ്പിന്‍റെ നടപടിക്രമങ്ങള്‍ക്ക് ജില്ലയിൽ വില്ലേജ് തലത്തില്‍ മേല്‍നോട്ടം വഹിക്കുന്നത് 218 സെക്ടര്‍ ഓഫീസര്‍മാര്‍. ഒൻപത് നിയമസഭാ മണ്ഡലങ്ങളില്‍ 181 സെക്ടറുകളിലായാണ് സെക്ടര്‍ ഓഫീസര്‍മാരെയും അസിസ്റ്റന്‍റ് സെക്ടര്‍ ഓഫീസര്‍മാരെയും ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കളക്ടര്‍ എം അഞ്ജന നിയോഗിച്ചിട്ടുള്ളത്.

പാലാ – 30, കടുത്തുരുത്തി – 28, വൈക്കം, ചങ്ങനാശേരി , ഏറ്റുമാനൂർ -21 വീതം, കോട്ടയം – 20, പുതുപ്പള്ളി -22, കാഞ്ഞിരപ്പള്ളി – 26 , പൂഞ്ഞാർ - 29 എന്നിങ്ങനെയാണ് വിവിധ നിയോജക മണ്ഡലങ്ങളിലെ സെക്ടര്‍ ഓഫീസർമാരുടെ കണക്ക്. താഴേ തട്ടില്‍ തിരഞ്ഞെടുപ്പ് പ്രക്രിയ സുഗമമായി പൂര്‍ത്തീകരിക്കുന്നതിന്‍റെ ചുമതലയുള്ള സെക്ടര്‍ ഓഫീസര്‍മാരായി പ്രവര്‍ത്തിക്കുന്നത് വില്ലേജ് ഓഫീസർമാരും സ്പെഷ്യൽ വില്ലേജ് ഓഫീസർമാരുമാണ്.

ഒരു സെക്ടറിൽ നാലു മുതല്‍ 17 വരെ പോളിംഗ് സ്‌റ്റേഷനുകളാണ് ഉൾപ്പെടുന്നത്. തെരഞ്ഞെടുപ്പ് തലേന്നും വോട്ടിംഗ് ദിവസവും അതത് സെക്ടറുകളിലെ പോളിംഗ് സ്‌റ്റേഷനുകള്‍ സന്ദര്‍ശിച്ച് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍റെ നിര്‍ദേശങ്ങള്‍ പ്രകാരം തിരഞ്ഞെടുപ്പ് നടപടികള്‍ നടക്കുന്നതായി ഉറപ്പുവരുത്തുന്ന ഇവര്‍ വരണാധികാരികളുടെ കാര്യാലയങ്ങളിലേക്ക് ഇതു സംബന്ധിച്ച റിപ്പോര്‍ട്ട് നല്‍കുകയും ചെയ്യും.