ആധാർ കാർഡും അക്കൗണ്ടും സ്വന്തമായി,കണ്ണന് ഇനി സർക്കാർ ധനസഹായം സ്വീകരിക്കാം.


എരുമേലി: എരുമേലിയിൽ ലോട്ടറി വിതരണം നടത്തി വരുന്ന ഭിന്നശേഷിക്കാരനായ അടിച്ചിപ്പുഴ സ്വദേശി പ്ലാമൂട്ടിൽ കണ്ണൻ (36) ആധാർകാർഡും ബാങ്ക് അക്കൗണ്ടും സ്വന്തമാക്കി. ബാങ്ക് അക്കൗണ്ട് ലഭ്യമായതോടെ മനസ്സ് നിറഞ്ഞ സന്തോഷത്തിലായിരുന്നു കണ്ണൻ.

മുഖ്യമന്ത്രിയുടെ പരാതി പരിഹാര അദാലത്തായ സാന്ത്വന സ്പർശത്തിൽ കണ്ണൻ തന്റെ അവസ്ഥകൾ വിവരിച്ചു ചികിത്സാ സഹായങ്ങൾക്കായി നിവേദനം സമർപ്പിച്ചിരുന്നു. അദാലത്തിൽ 25000 രൂപ സർക്കാർ കണ്ണന് അനുവദിച്ചിരുന്നു. എന്നാൽ ധനസഹായം ബാങ്ക് അക്കൗണ്ടിലൂടെ മാത്രമേ ലഭ്യമാകൂ എന്നറിഞ്ഞതോടെ കാര്യങ്ങൾ വീണ്ടും വിഷമാവസ്ഥയിലാകുകയായിരുന്നു. ആധാർ കാർഡില്ലാത്തതിനാൽ ബാങ്ക് അക്കൗണ്ട് നൽകാൻ സാങ്കേതിക തടസം ബാങ്കുകൾ ഉന്നയിക്കുകയായിരുന്നു. ഒരു വികലാംഗ സർട്ടിഫിക്കറ്റ് മാത്രമായിരുന്നു കണ്ണന്റെ കയ്യിൽ സ്വന്തമായി ഉണ്ടായിരുന്നത്. റേഷൻ കാർഡോ ഐഡി കാർഡോ മറ്റു ഒന്നും തന്നെ കണ്ണന്റെ കൈവശം ഉണ്ടായിരുന്നില്ല.

നാളുകളായി എരുമേലി സ്വകാര്യ ബസ് സ്റ്റാന്റിനോട് ചേർന്നാണ് കണ്ണൻ താമസിക്കുന്നത്. അരയ്ക്ക് താഴേക്ക് തളർന്നിരിക്കുന്നതിനാൽ പലകയിൽ  ചക്രങ്ങൾ ഘടിപ്പിച്ചു അത് നിരത്തിലൂടെ ഉരുട്ടിയാണ് ലോട്ടറി വിൽപ്പന നടത്തുന്നത്. ഈ വരുമാനം മാത്രമായിരുന്നു കാണാനുള്ളത്. എരുമേലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റും വാർഡ് മെമ്പറും ജില്ലാ പഞ്ചായത്ത് അംഗവും എരുമേലി അക്ഷയ കോർഡിനേറ്ററും ഒരുമിച്ചു പരിശ്രമിച്ചു കണ്ണന് ആധാർ കാർഡ് കഴിഞ്ഞ ദിവസം നൽകിയിരുന്നു.

തുടർന്ന് കഴിഞ്ഞ ദിവസം രേഖകൾ സമർപ്പിച്ചു എരുമേലി യൂണിയൻ ബാങ്കിൽ നിന്നും അക്കൗണ്ടും സ്വന്തമാക്കി. കുട്ടിക്കാലത്തുണ്ടായ പനിയെ തുടർന്നാണ് കണ്ണന് അംഗ വൈകല്യം സംഭവിച്ചത്. ഹൃദയാഘാതത്തെ തുടർന്ന് നാളുകൾക്ക് മുൻപ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. സുഹൃത്തുക്കളാണ് കണ്ണന്റെ ഏതു ആവശ്യത്തിനും ഒറ്റക്കെട്ടായി മുന്നിലുള്ളത്.