ഏറ്റുമാനൂർ: ഏറ്റുമാനൂർ നിയോജക മണ്ഡലത്തിലെ സ്ഥാനാർഥി നിർണ്ണയം മുന്നണികൾക്ക് കീറാമുട്ടിയാകുന്നു. യുഡിഎഫിന് പിന്നാലെ എൻഡിഎ യിലും ഏറ്റുമാനൂർ സീറ്റിൽ പ്രതിഷേധങ്ങൾക്കും പൊട്ടിത്തെറികൾക്കും വഴിയൊരുക്കുന്നു. ഏറ്റുമാനൂർ സീറ്റ് എൻഡിഎ ബിഡിജെഎസ്സിന് നൽകിയിരുന്നു. ബിഡിജെഎസ് ഏറ്റുമാനൂരിൽ ഭരത് കൈപ്പാറേടനെയാണ് സ്ഥാനാർത്ഥിയായി നിശ്ചയിച്ചിരിക്കുന്നത്.
മണ്ഡലത്തിലോ പ്രവർത്തകർക്കോപോലും യാതൊരു പരിചയവുമില്ലാത്ത വ്യക്തിയെയാണ് സ്ഥാനാർത്ഥിയായി നിര്ണയിച്ചിരിക്കുന്നത് എന്നാണു പ്രവർത്തകർ പറയുന്നത്. ശക്തമായ മത്സരം നടക്കുന്ന ഏറ്റുമാനൂരിൽ ഇത്തരത്തിൽ ഒരു സ്ഥാനാർത്ഥിയെ നിശ്ചയിച്ചത് വോട്ടര്മാരെയും പ്രവർത്തകരെയും അപമാനിക്കുന്നതിനു തുല്യമാണെന്നും പ്രവർത്തകർ പറയുന്നു. ഇതോടെ പ്രവർത്തകർക്കിടയിൽ പ്രതിഷേധം പുകയുകയാണ്. പ്രചാരണ പ്രവർത്തനങ്ങളിൽ നിന്നും വിട്ടു നിൽക്കാൻ തീരുമാനിച്ചതായി പ്രവർത്തകർ പറഞ്ഞു.
നിരവധി സമുന്നതരായ നേതാക്കൾ രംഗത്തുള്ളപ്പോൾ അവരെയെല്ലാം തഴഞ്ഞാണ് സീറ്റ് നല്കിയിരിക്കുന്നതെന്നും പ്രവർത്തകർ ആരോപിച്ചു. യുഡിഎഫിൽ ലതികാ സുഭാഷിന് ഏറ്റുമാനൂർ സീറ്റ് നൽകാഞ്ഞതിനെ തുടർന്നുള്ള പ്രതിഷേധത്തിനിടെയാണ് ഇപ്പോൾ എൻഡിഎ യിലും പ്രതിഷേധങ്ങൾ തലപൊക്കിയത്. അതേസമയം കോട്ടയം നിയോജക മണ്ഡലത്തിലും ബിജെപി സ്ഥാനാർഥി നിർണ്ണയത്തിൽ വിമർശനം ഉയർന്നിട്ടുണ്ട്.
മിനർവാ മോഹന്റെ സ്ഥാനാർഥിത്വവുമായി ബന്ധപ്പെട്ടാണ് കോട്ടയത്ത് വിമർശനങ്ങൾ ഉയർന്നിരിക്കുന്നത്. കോട്ടയം മണ്ഡലത്തിൽ ശക്തമായ പോരാട്ടത്തിന് കളമൊരുങ്ങുമ്പോൾ ഏതാനും ദിവസങ്ങൾക്ക് മുൻപ് പാർട്ടി അംഗത്വം സ്വീകരിച്ച അപ്രതീക്ഷിത സ്ഥാനാർത്ഥിയെ രംഗത്തിറക്കിയതിൽ നേതാക്കൾക്ക് പ്രതിഷേധമുണ്ട്.