ഏറ്റുമാനൂർ: നിയമസഭാ തെരഞ്ഞെടുപ്പിൽ രാഷ്ട്രീയ കേരളത്തിന്റെ ശ്രദ്ധാ കേന്ദ്രമായി മാറുകയാണ് ഏറ്റുമാനൂർ നിയോജകമണ്ഡലം. യുഡിഎഫ് സീറ്റ് നിഷേധിച്ചതോടെ സ്വതന്ത്ര സ്ഥാനാർത്ഥിത്വം പ്രഖ്യാപിക്കുകയും പ്രതിഷേധിക്കുകയും ചെയ്ത ലതികാ സുഭാഷിനൊപ്പം ഏറ്റുമാനൂർ കളം നിറയുകയാണ്.
മണ്ഡലം തീ പാറുന്ന പോരാട്ടങ്ങൾക്ക് വേദിയാകാനൊരുങ്ങുകയാണ്. യുഡിഎഫ് കേരളാ കോൺഗ്രസ്സ് ജോസഫ് വിഭാഗം സ്ഥാനാർഥിയായ പ്രിൻസ് ലൂക്കോസ്,സിപിഎം എൽഡിഎഫ് സ്ഥാനാർത്ഥിയായി വി എൻ വാസവൻ,ബിഡിജെഎസ് എൻഡിഎ സ്ഥാനാർത്ഥിയായി ഭരത് കൈപ്പാറേടന് പകരം എൻ ശ്രീനിവാസൻ എന്നിവർക്കൊപ്പം സ്വതന്ത്ര സ്ഥാനാർത്ഥിയായി ലതികാ സുഭാഷും മത്‌സരാ രംഗത്തുണ്ട്. ഭരത് കൈപ്പാറേടന്റെ സ്ഥാനാർത്ഥിത്വത്തെ ചൊല്ലി ബിജെപി യിൽ പ്രതിഷേധം ഉടലെടുത്തിരുന്നു.
ആർക്കും അറിയാത്ത സ്ഥാനാർത്ഥിയെ മത്സര രംഗത്തിറക്കി എന്ന് പ്രവർത്തകർ ആരോപിച്ചിരുന്നു. പ്രതിഷേധത്തിന്റെ ഭാഗമായി പ്രചാരണ പ്രവർത്തനങ്ങളിൽ നിന്നും വിട്ടു നിൽക്കുകയാണെന്നും പ്രവർത്തകർ നേതാക്കളെ അറിയിച്ചിരുന്നു. ഇതേത്തുടർന്നാണ് ബിഡിജെഎസ് എൻ ശ്രീനിവാസനെ ഏറ്റുമാനൂരിൽ സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചത്.
വോട്ട് നേട്ടത്തിൽ ഇടത് വലത് മുന്നണികൾക്ക് ഒരേപോലെ ആശങ്കയായിരിക്കുകയാണ് ലതികാ സുഭാഷിന്റെ സ്വതന്ത്ര സ്ഥാനാർത്ഥിത്വം. വൈകാരികമായ പ്രസ്താവനകളാണ് ലതികാ സുഭാഷ് പങ്കുവെച്ചിരിക്കുന്നത്.