ഇത് കർഷകരുടെ വിജയം,ഇന്ന് മുതൽ നെല്ല് സംഭരിച്ചു തുടങ്ങുമെന്ന് പാഡി ഓഫീസർ.


കോട്ടയം: ജനുവരി മുതലുള്ള കോട്ടയം ജില്ലയിലെ കർഷകരുടെ പ്രതിഷേധങ്ങൾക്കും സമരങ്ങൾക്കും അവസാനമായി. ഇന്ന് മുതൽ കർഷകരിൽ നിന്നും നെല്ല് സംഭരിക്കുമെന്നു ജില്ലാ പാഡി ഓഫീസർ പറഞ്ഞു. പാഡി ഓഫീസറുടെ ഉറപ്പിനെ തുടർന്നാണ് കർഷകർ സമരം അവസാനിപ്പിച്ചത്.

കൊയ്തെടുത്ത നെല്ല് പാടശേഖരങ്ങളിലും വഴിയരികിലുമായി വിവിധ മേഖലകളിൽ കൂട്ടിയിട്ടിരിക്കുകയാണ്‌. നെല്ല് സംഭരിക്കുന്നതിനായി മില്ലുടമകൾ കൂടുതൽ കിഴിവ് ആവശ്യപ്പെട്ടതോടെയാണ് കർഷകർ പ്രതിഷേധത്തിലേക്ക് കടന്നത്. ജില്ലയിലെ വിവിധ പാടശേഖരങ്ങളിലായി ക്വിന്റൽ കണക്കിന് നെല്ലാണ് കൊയ്‌തെടുത്ത് കൂന കൂട്ടിയിട്ടിരിക്കുന്നത്. പ്രതിസന്ധിയിലായതിനെ തുടർന്ന് കഴിഞ്ഞ ദിവസം നീണ്ടൂരിലും, കല്ലറയിലും കർഷകൻ ആത്മഹത്യക്ക് ശ്രമിച്ചിരുന്നു.

ആർപ്പൂക്കര,കല്ലറ,നീണ്ടൂർ തുടങ്ങി വിവിധ മേഖലകളിൽ നെല്ലുകൾ കൂന കൂട്ടിയിട്ടിരിക്കുകയാണ്‌. നെല്ല് സംഭരണം വൈകുന്നതിൽ പ്രതിഷേധിച്ച് സംയുക്ത കർഷക സമിതിയുടെ നേതൃത്വത്തിൽ കോട്ടയം ജില്ലാ പാഡി ഓഫീസ് കർഷകർ ഉപരോധിക്കുകയും ചെയ്തിരുന്നു. നെല്ല് സംഭരണവുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ പാടി മാനേജരുടെ നേതൃത്വത്തിൽ കർഷകരുമായി ചർച്ച നടത്താം എന്ന് സപ്ലൈകോ സിഎംഡി അലി അസ്‌കര്‍ പാഷ ഉറപ്പുനല്‍കിയിരുന്നു.