ജില്ലയിൽ കന്നിയങ്കത്തിനൊരുങ്ങി 12 സ്ഥാനാർത്ഥികൾ.


കോട്ടയം: നിയമസഭാ തെരഞ്ഞെടുപ്പിൽ കോട്ടയം ജില്ലയിലെ വിവിധ നിയോജക മണ്ഡലങ്ങളിലാണ് മൂന്നു മുന്നണികളായി കന്നിയങ്കത്തിനൊരുങ്ങുന്നത് 12 സ്ഥാനാർത്ഥികളാണ്. കന്നിയങ്കത്തിനൊരുങ്ങുന്ന 12 സ്ഥാനാർഥികളിൽ 4 പേര് വനിതകളാണ്. യുഡിഎഫിൽ നിന്നും ഒരു വനിതാ സ്ഥാനാർത്ഥിയും എൻഡിഎ യിൽ നിന്നും 3 വനിതാ സ്ഥാനാർത്ഥികളുമാണ് ആദ്യ മത്സരത്തിനൊരുങ്ങുന്നത്.

യുഡിഎഫിൽ കോൺഗ്രസ്സ് സ്ഥാനാർത്ഥിയായി വൈക്കം നിയോജക മണ്ഡലത്തിൽ മത്സരിക്കുന്ന ഡോ.പി ആർ സോന, എൻഡിഎ സ്ഥാനാർഥികളായി മത്സരിക്കുന്ന കോട്ടയം നിയോജക മണ്ഡലത്തിലെ ബിജെപി സ്ഥാനാർഥി മിനർവ മോഹൻ, പാലാ നിയോജക മണ്ഡലത്തിൽ മത്സരിക്കുന്ന ജെ പ്രമീളാദേവി, വൈക്കം നിയോജക മണ്ഡലത്തിൽ മത്സരിക്കുന്ന ബിഡിജെഎസ് സ്ഥാനാർഥി അജിതാ സാബു എന്നിവരാണ് ജില്ലയിലെ വനിതാ പുതുമുഖങ്ങൾ. നിയമസഭാ തെരഞ്ഞെടുപ്പിൽ കോട്ടയം ജില്ലയിൽ മത്സരിക്കുന്ന യുഡിഎഫ് സ്ഥാനാർഥികളിൽ 4 പേരും എൽഡിഎഫ് സ്ഥാനാർഥികളിൽ 2 പേരും എൻഡിഎ യിൽ 6 പേരുമാണ് ആദ്യമായി മത്സര രംഗത്തിറങ്ങുന്നത്.

കന്നിയങ്കം കുറിക്കുന്നവരിൽ കൂടുതൽപ്പേർ എൻഡിഎ യിൽ നിന്നുള്ളവരാണ്. വൈക്കത്ത് ഡോ. പി ആർ സോന, ഏറ്റുമാനൂരിൽ പ്രിൻസ് ലൂക്കോസ്, പൂഞ്ഞാറിൽ ടോമി കല്ലാനി, ചങ്ങനാശ്ശേരിയിൽ വി ജെ ലാലി എന്നീ 4 പേരാണ് യുഡിഎഫിൽ മത്സര രംഗത്തെ പുതുമുഖങ്ങൾ. കോട്ടയം നിയോജക മണ്ഡലത്തിലെ സ്ഥാനാർഥി അഡ്വ.കെ അനിൽകുമാർ, പൂഞ്ഞാർ നിയോജക മണ്ഡലത്തിൽ മത്സരിക്കുന്ന അഡ്വ.സെബാസ്റ്റ്യൻ കുളത്തുങ്കൽ എന്നിവരാണ് എൽഡിഎഫിൽ നിന്നും കന്നിയങ്കത്തിനൊരുങ്ങുന്നത്. എൻഡിഎ യിൽ നിന്നും വൈക്കത്ത് അജിത സാബു, കോട്ടയത്ത് മിനർവ മോഹൻ, ഏറ്റുമാനൂരിൽ എൻ.ശ്രീനിവാസൻ, പാലായിൽ ജെ പ്രമീളാദേവി, ചങ്ങനാശ്ശേരിയിൽ ജി രാമൻനായർ, കടുത്തുരുത്തിയിൽ ലിജിൻ ലാൽ എന്നിവരാണ് ആദ്യമായി മത്സര രംഗത്തുള്ളത്.

എൻഡിഎ യിൽ ബിഡിജെഎസ്സിന് 2 പേരെയും ബിജെപി ക്ക് 4 പേരെയും പുതുമുഖങ്ങളായി മത്സര രംഗത്തിറക്കാൻ സാധിച്ചു. യുഡിഎഫിൽ കോൺഗ്രസ്സ് സ്ഥാനാർഥികളായി 2 പേരും കേരളാ കോൺഗ്രസ്സ് ജോസഫ് വിഭാഗത്തിൽ നിന്നും സ്ഥാനാർത്ഥിയായി 2 പേരും കന്നിയങ്കത്തിന് തയ്യാറെടുക്കുന്നവരാണ്. എൽഡിഎഫിൽ സിപിഎം സ്ഥാനാർത്ഥിയായി ഒരാളും കേരളാ കോൺഗ്രസ്സ് എം സ്ഥാനാർത്ഥിയായി ഒരാളുമാണ് കന്നിയങ്കത്തിനുള്ളത്.