അർബുദ ബാധിതയായ അമ്മയുടെ ചികിത്സാ ചെലവിന് പണം കണ്ടെത്താനായി ചിത്രം വരച്ചു വിറ്റ് വിദ്യാർത്ഥിനി.


കോട്ടയം: അർബുദ ബാധിതയായ അമ്മയുടെ ചികിത്സാ ചെലവിന് പണം കണ്ടെത്താനായി ചിത്രം വരച്ചു വിറ്റ് പണം കണ്ടെത്തുകയാണ് ഇടുക്കി നെടുങ്കണ്ടം മുണ്ടിയെരുമ സ്വദേശിനിയും വിദ്യാർത്ഥിനിയുമായ ഗൗരി സജീവൻ.

കോട്ടയം മെഡിക്കൽ കോളേജിലാണ് അമ്മ ജയയുടെ ചികിത്സ നടക്കുന്നതെന്നും കൃത്യമായ ചികിത്സയിലൂടെ രോഗം ഭേതമാകുമെന്നു ഡോക്ടർമാർ ഉറപ്പ് നൽകിയതായി ഗൗരി പറഞ്ഞു. മൂന്നു പെൺമക്കളും അമ്മയും അച്ഛനും അടങ്ങുന്ന തന്റെ കുടുംബത്തിന് അമ്മയുടെ ചികിത്സാ ചെലവുകളും വീട്ടിലെ ചെലവുകളും അച്ഛന് ഒറ്റയ്ക്ക് താങ്ങാനാവില്ല എന്ന തിരിച്ചറിവിലാണ് തന്നാലാകും വിധം പണം കണ്ടെത്താനായി ചിത്രങ്ങൾ വരച്ചു വിൽപ്പന നടത്തിയതെന്ന് ഗൗരി പറഞ്ഞു.

അമ്മയാണ് തന്നെ ചെറുപ്പ കാലത്ത് ചിത്രം വരയ്ക്കാൻ പഠിപ്പിച്ചതെന്നു നിറഞ്ഞ മനസ്സോടെ ഗൗരി ഓർക്കുന്നു. കാൻവാസുകളിൽ മനോഹര ചിത്രങ്ങൾ ഗൗരി വരച്ചു ചേർത്തതോടെ ആവശ്യക്കാർ തേടിയെത്തി. ചലച്ചിത്ര-സാംസ്ക്കാരിക-രാഷ്ട്രീയ മേഖലയിലെ നിരവധിപ്പേരുടെയും പ്രകൃതി ദൃശ്യങ്ങളുമടക്കം ആയിരത്തിലധികം ചിത്രങ്ങൾ ഇതിനോടകം തന്നെ ഗൗരി വരച്ചു നൽകി കഴിഞ്ഞു.

ഒരു വർഷം മുൻപാണ് അമ്മയ്ക്ക് രോഗം കണ്ടെത്തിയത്,ഇപ്പോൾ ഒരുമാസം ഒരു ലക്ഷത്തോളം രൂപയാണ് ചികിത്സാ ചെലവ്,ചികിത്സാ ചെലവിനായുള്ള തുകയുടെ ഒരു ഭാഗം കണ്ടെത്താൻ കഴിയുന്നുണ്ട് എന്നും ഗൗരി പറഞ്ഞു. രണ്ടാം വർഷ ബി.കോം വിദ്യാർത്ഥിനിയാണ് ഗൗരി.