വെല്ലുവിളിയുടെ കടലാണു മുന്നിൽ,ഹൃദയപക്ഷമായി ഇടതുപക്ഷം തെരഞ്ഞടുക്കപ്പെടണം;ജോസ് കെ മാണി.


പാലാ: നിയമസഭാ തെരഞ്ഞെടുപ്പിൽ പാലാ നിയോജക മണ്ഡലത്തിൽ കേരളാ കോൺഗ്രസ്സ് എം എൽഡിഎഫ് സ്ഥാനാർത്ഥിയായി മത്സരിക്കുന്ന കേരളാ കോൺഗ്രസ്സ് എം ചെയർമാൻ ജോസ് കെ മാണി ഇന്ന് നാമനിര്‍ദ്ദേശ പത്രിക സമർപ്പിക്കും. ഈ തെരഞ്ഞെടുപ്പ് കേരളത്തെ സംബന്ധിച്ചിടത്തോളം സുപ്രധാനമാണ്. വെല്ലുവിളിയുടെ കടലാണു മുന്നില്‍ എന്ന് അദ്ദേഹം പറഞ്ഞു.

അച്ചാച്ചനില്ലാതെ നല്‍കുന്ന ആദ്യ നാമനിര്‍ദ്ദേശ പത്രികയാണിത് എന്നും ജോസ് കെ മാണി പറഞ്ഞു. കോവിഡ് എന്ന വിട്ടൊഴിയാത്ത മഹാമാരിയിൽ നമ്മുടെ സര്‍ക്കാരിന്റെ കരുതലും സാന്ത്വനവും ഓരോ മലയാളിയും തൊട്ടറിഞ്ഞ മാസങ്ങളാണ് കടന്നുപോയത് എന്ന് അദ്ദേഹം പറഞ്ഞു. പക്ഷേ അധികാരത്തിലേക്ക് നുഴഞ്ഞുകയറാന്‍ തക്കം പാര്‍ത്തിരിക്കുകയാണ് ആപ്തക്കരമായ സന്ദേശം ഉയര്‍ത്തുന്ന ചില ശക്തികള്‍. ഇത്തരം മനോഭാവക്കാരെ  അധികാരത്തില്‍ നിന്നും അകറ്റി നിര്‍ത്തണമെങ്കില്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണി അധികാരത്തിലെത്തണം എന്നും ജോസ് കെ മാണി പറഞ്ഞു.

പാവപ്പെട്ടവര്‍ക്കും നിരാലംബര്‍ക്കും ജീവിത സുരക്ഷ ലഭിക്കണമെങ്കില്‍ ഇടതുസര്‍ക്കാരിന് തുടര്‍ഭരണം ഉറപ്പാക്കണം. ക്ഷേമ പെന്‍ഷനുകളും സൗജന്യ ഭക്ഷണവും ഉറപ്പാക്കണമെങ്കില്‍ ഹൃദയപക്ഷമായി ഇടതുപക്ഷം തെരഞ്ഞടുക്കപ്പെടണം. ഇടത് പക്ഷത്തിന് വോട്ടു ചെയ്യുമ്പോള്‍ നേരിന്റെ രാഷ്ട്രീയത്തിനാണ് നാം വോട്ടുചെയ്യുന്നത് എന്നും ജോസ് കെ മാണി പറഞ്ഞു.