പാലാ: ജനക്ഷേമ പ്രവർത്തനങ്ങൾക്ക് ഊന്നൽ നൽകിയുള്ള ഭരണമാണ് ഇടതുപക്ഷ സർക്കാരിന്റേത് എന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ ടീച്ചർ പറഞ്ഞു. നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളുടെ ഭാഗമായി പാലായിൽ ജോസ് കെ മാണിയുടെ തെരഞ്ഞെടുപ്പ് പൊതുയോഗത്തിൽ സംസാരിക്കുകയായിരുന്നു ആരോഗ്യ മന്ത്രി.
കേരളത്തിൽ ചരിത്രം കുറിച്ച് ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ തുടർഭരണം ഉണ്ടാകുമെന്നും കെ കെ ശൈലജ ടീച്ചർ പറഞ്ഞു. വികസന ജനക്ഷേമ പ്രവർത്തനങ്ങൾ വോട്ടായി മാറുമെന്നും ആരോഗ്യ മന്ത്രി പറഞ്ഞു. കഴിഞ്ഞ തവണ തെരഞ്ഞെടുപ്പിൽ ഇടത്‌പക്ഷ ജനാധിപത്യ മുന്നണിയുടെ തെരഞ്ഞെടുപ്പ് പ്രകടന പത്രികയിൽ പ്രഖ്യാപിച്ച 600 കാര്യങ്ങളിൽ 580 കാര്യങ്ങളും നടപ്പിലാക്കിയ സർക്കാരാണ് ഇത്, മറ്റുള്ളവയ്ക്കുള്ള സാങ്കേതിക നടപടികൾ ഇപ്പോൾ നടന്നു വരുന്നു. പ്രകടന പത്രികളിൽ പറഞ്ഞതിന്റെ 10 ശതമാനം പോലും കാര്യങ്ങൾ ചെയ്യാതെയാണ് കഴിഞ്ഞ തവണ കോൺഗ്രസ്സിന്റെ ഭരണം അവസാനിച്ചതെന്നും കെ കെ ശൈലജ ടീച്ചർ പാലായിൽ പറഞ്ഞു.
ഇത്തവണ എൽഡിഎഫ് പ്രകടന പത്രികയിൽ 900 കാര്യങ്ങൾ നാടിനു വേണ്ടി ചെയ്യും എന്നാണു പറഞ്ഞിട്ടുള്ളത്. സംസ്ഥാനത്തെ ഓരോ കുടുംബത്തിലും ഒരു തരത്തിൽ അല്ലെങ്കിൽ മറ്റൊരു തലത്തിൽ ഇടത്പക്ഷ സർക്കാരിന്റെ പ്രവർത്തനങ്ങളുടെ ഗുണഫലം എത്തിയിട്ടുണ്ടെന്നു ആരോഗ്യ മന്ത്രി പറഞ്ഞു. സാമൂഹിക ക്ഷേമ പെൻഷൻ അഞ്ചു വർഷം കൊണ്ട് 2500 രൂപയാക്കും, 3000 രൂപ പെൻഷൻ നൽകുമെന്ന് പ്രഖ്യാപിക്കുന്ന യുഡിഎഫ് സർക്കാർ 600 രൂപ പെൻഷൻ പണം പോലും കുടിശ്ശികയില്ലാതെ കൊടുക്കാൻ സാധിക്കാതെയാണ് ഇപ്പോൾ ബഡായി പറയുന്നത് എന്നും ആരോഗ്യ മന്ത്രി പാലായിൽ പറഞ്ഞു.