കെ ആർ രാജൻ കോൺഗ്രസ്സ് സ്ഥാനാർത്ഥിയായി കാഞ്ഞിരപ്പള്ളിയിൽ മത്സരിക്കാൻ സാധ്യത.


കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളിയിൽ കോൺഗ്രസ്സ് സ്ഥാനാർത്ഥിയായി കെ ആർ രാജൻ മത്സരിക്കാൻ സാധ്യത. എൻഎസ്എസ് മാനവ വിഭവ ശേഷി വകുപ്പിന്റെ മേധാവിയായിരുന്ന ഇദ്ദേഹം പദവി രാജി വെച്ചു. കോൺഗ്രസ്സിന്റെ കാഞ്ഞിരപ്പള്ളി മണ്ഡലത്തിലെ സ്ഥാനാർഥി നിര്ണയവുമായി ബന്ധപ്പെട്ടാണ് ഇദ്ദേഹം പദവി രാജി വെച്ചതെന്നാണ് സൂചന.

സംഘടനയുടെ ഭാഗമായി നിൽക്കുന്നവർ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന രീതി ഇല്ലാത്തതിനാലാണ് ഇതെന്നാണ് പ്രാഥമിക വിവരം. സജീവ രാഷ്ട്രീയത്തിൽ നിന്നും ഇദ്ദേഹം പിൻവാങ്ങിയിരുന്നെങ്കിലും വിവിധ പ്രവർത്തനങ്ങളാൽ കാഞ്ഞിരപ്പള്ളി മണ്ഡലത്തിൽ സജീവ സാന്നിധ്യമായിരുന്നു എന്ന് കോൺഗ്രസ്സ് നേതൃത്വം ഉറപ്പിക്കുന്നുണ്ട്. കേരളാ കോൺഗ്രസ്സിന്റെ സിറ്റിംഗ് സീറ്റായിരുന്നു കാഞ്ഞിരപ്പള്ളി. കേരളാ കോൺഗ്രസ്സ് എം എൽഡിഎഫിലേക്ക് മുന്നണി മാറിയതോടെ എന്ത് വിലകൊടുത്തും മണ്ഡലം തിരിച്ചു പിടിക്കുക എന്നതാണ് കോൺഗ്രസ്സിന്റെ ലക്‌ഷ്യം.

നിലവിലെ എംഎൽഎ ആയ ഡോ.എൻ ജയരാജനെതിരെ ശക്തനായ സ്ഥാനാർത്ഥിയെ കളത്തിലിറക്കി മത്സരിപ്പിക്കാനാണ് നേതൃത്വം ശ്രമിക്കുന്നത്. ഇതിന്റെ ഭാഗമായാണ് കെ ആർ രാജനെ കോൺഗ്രസ്സ് സ്ഥാനാർത്ഥിയായി കാഞ്ഞിരപ്പള്ളിയിൽ മത്സരിപ്പിക്കാൻ നേതൃത്വത്തെ തീരുമാനിച്ചിരിക്കുന്നത്. എന്നാൽ ഇത് സംബന്ധിച്ച് ഔദ്യോഗിക പ്രതികരണങ്ങൾ ഒന്നും തന്നെ ഉണ്ടായിട്ടില്ല.