കോട്ടയം: കേരളാ കോൺഗ്രസ്സ് ജോസഫ് വിഭാഗവുമായുള്ള യുഡിഎഫ് സീറ്റ് വിഭജന ചർച്ചകൾ പൂർത്തിയായതോടെ സീറ്റ് വിഭജനത്തിൽ പ്രശ്നം സൃഷ്ടിച്ച ഏറ്റുമാനൂർ ഉൾപ്പടെ ജില്ലയിൽ 3 സീറ്റുകൾ ജോസഫ് വിഭാഗത്തിന് ലഭിച്ചു. കോട്ടയം ജില്ലയിലെ ഏറ്റുമാനൂർ,കടുത്തുരുത്തി,ചങ്ങനാശ്ശേരി സീറ്റുകളാണ് ജോസഫ് വിഭാഗത്തിന് ലഭിച്ചത്.
ഏറ്റുമാനൂർ സീറ്റ് ജോസഫ് വിഭാഗത്തിന് നൽകുന്നത് സംബന്ധിച്ച തീരുമാനത്തിനെതിരെ യൂത്ത് കോൺഗ്രസ്സ് കഴിഞ്ഞ ദിവസം പ്രതിഷേധിച്ചിരുന്നു. തർക്ക സീറ്റായ ഏറ്റുമാനൂർ ജോസഫ് വിഭാഗത്തിന് ലഭിച്ചെങ്കിലും സ്ഥാനാർഥി ആരെന്നു ഇതുവരെ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായിട്ടില്ല. എല്ലാ സീറ്റുകളിലേക്കുമുള്ള സ്ഥാനാർത്ഥികളെ നാളെ തന്നെ പ്രഖ്യാപിക്കുമെന്ന് പി ജെ ജോസഫ് മാധ്യമ പ്രവർത്തകരോട് പറഞ്ഞു.
കടുത്തുരുത്തിയിൽ മോൻസ് ജോസഫിന്റെ സ്ഥാനാർത്ഥിത്വം തെരഞ്ഞെടുപ്പ് വിജ്ഞാപനം വരുന്നതിനു മുൻപ് തന്നെ ഐശ്വര്യ കേരളാ യാത്രയിൽപ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉറപ്പിച്ചു പറഞ്ഞിരുന്നു. പൂഞ്ഞാർ സീറ്റിൽ ജോസഫ് വിഭാഗം അവകാശ വാദം ഉന്നയിച്ചെങ്കിലും അംഗീകരിക്കാൻ നേതൃത്വം തയ്യാറായില്ല.