കോട്ടയം: നിയമസഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് മീഡിയ സര്‍ട്ടിഫിക്കേഷന്‍ ആന്റ് മോണിട്ടറിംഗ് കമ്മിറ്റിയുടെ(എം.സി.എം.സി) സ്‌ക്രീനിംഗ് സെല്‍ കളക്ടറേറ്റില്‍ പ്രവര്‍ത്തനമാരംഭിച്ചു. ഉത്‌ഘാടനം ജില്ലാ കളക്ടർ എം അഞ്ജന നിർവ്വഹിച്ചു. മാധ്യമങ്ങളിലെ ഉള്ളടക്കങ്ങള്‍ പരിശോധിച്ച് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പെയ്ഡ് ന്യൂസുകള്‍, എം.സി.എം.സിയുടെ അംഗീകാരമില്ലാത്ത പ്രചാരണ പരസ്യങ്ങള്‍ തുടങ്ങിയവ കണ്ടെത്തിയാല്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിനായാണ് സെല്‍ പ്രവര്‍ത്തിക്കുന്നത്.
തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് പ്രചാരണ പരസ്യങ്ങള്‍ക്ക് അംഗീകാരം നല്‍കുന്നതിനും മാധ്യമ നീരീക്ഷണത്തിനുമായി ജില്ലാ കളക്ടര്‍ ചെയര്‍ പേഴ്‌സണായാണ് മീഡിയ സര്‍ട്ടിഫിക്കേഷന്‍ ആന്റ് മോണിട്ടറിംഗ് കമ്മിറ്റി രൂപീകരിച്ചിരിക്കുന്നത്. സബ് കളക്ടര്‍ രാജീവ്കുമാര്‍ ചൗധരി, ഫീല്‍ഡ് ഔട്ട്റീച്ച് ബ്യൂറോ അസിസ്റ്റന്റ് ഡയറക്ടര്‍ സുധ നമ്പൂതിരി, ദ് ഹിന്ദു ദിനപ്പത്രത്തിന്റെ മുന്‍ അസിസ്റ്റന്റ് എഡിറ്റര്‍ ജോര്‍ജ് ജേക്കബ്, അസിസ്റ്റന്റ് ഇന്‍ഫര്‍മാറ്റിക്സ് ഓഫീസര്‍ റോയ് ജോസഫ്, എന്നിവര്‍ അംഗങ്ങളും ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ജസ്റ്റിന്‍ ജോസഫ് മെംബര്‍ സെക്രട്ടറിയുമാണ്.