പാലാ: തെരഞ്ഞെടുപ്പിൻെറ നാളുകൾ അടുത്തതോടെ പാലായുടെ അങ്കത്തത്തിൽ പോരാട്ടം ശക്തമാകുന്നു. രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ശ്രദ്ധാകേന്ദ്രമായ ജില്ലയിലെ മണ്ഡലങ്ങളിൽ ഒന്നാമതാണ് പാലാ നിയോജക മണ്ഡലം. എൽഡിഎഫും യുഡിഎഫും തമ്മിലുള്ള പോരാട്ടം മുറുകുമ്പോഴും കരുക്കൾ നീക്കി വിജയ പ്രതീക്ഷയിലാണ് ബിജെപി. പ്രചാരണ പ്രവർത്തനങ്ങളിൽ മൂന്നു സ്ഥാനാർത്ഥികളും സജീവമാണ്.
നേരിൽ കണ്ടു വോട്ടഭ്യർത്ഥിക്കുകയാണ് പാലാ മണ്ഡലത്തിന്റെ വിവിധ മേഖലകളിലായി സ്ഥാനാർത്ഥികൾ. ജനഹിതം അനുകൂലമാകുമെന്ന വിശ്വാസത്തിലാണ് മൂന്നു സ്ഥാനാർത്ഥികളും. എൽഡിഎഫ് സ്ഥാനാർത്ഥിയായി മത്സരിക്കുന്ന കേരളാ കോൺഗ്രസ്സ് എം ചെയർമാൻ ജോസ് കെ മാണി തന്റെ പ്രചാരണ മേഖലകളിൽ തുടർ സന്ദർശനങ്ങളിലൂടെ വോട്ടുറപ്പിക്കുകയാണ്. കുടുംബ സംഗമങ്ങളിലും യുവജന വനിതാ സംഗമങ്ങളിലും സജീവ സാന്നധ്യമായി ജോസ് കെ മാണി സമ്മതിദായകരെ നേരിൽക്കണ്ട് വോട്ടഭ്യർത്ഥിക്കുകയാണ്. ജോസ് കെ മാണിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് പാലായിൽ നടന്ന തെരഞ്ഞെടുപ്പ് പൊതുയോഗത്തിൽ പങ്കെടുത്തു.
യുഡിഎഫ് സ്ഥാനാർത്ഥിയായി മത്സരിക്കുന്ന മാണി സി കാപ്പന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി കോൺഗ്രസ്സ് നേതാവും എംപി യുമായ രാഹുൽ ഗാന്ധി നാളെ പാലായിൽ തെരഞ്ഞെടുപ്പ് പൊതുയോഗത്തിൽ പങ്കെടുക്കും. പട്ടികയിലും പാലായിലും ഭരണങ്ങാനത്തുമായി പ്രചരണ രംഗത്ത് സജീവമാണ് മാണി സി കാപ്പൻ. യുഡിഎഫ് തൊഴിലാളി സംഗമത്തിലും മാണി സി കാപ്പൻ പങ്കെടുത്തു. മണ്ഡലത്തിന്റെ പുരോഗതി എന്നത് ഇവിടെയുള്ള തൊഴിലാളികളെ ആശ്രയിച്ചാണ് ഇരിക്കുന്നത് എന്നും മാണി സി കാപ്പൻ പറഞ്ഞു.
പാലായിൽ പുതുമ വിടരുന്നതിനായി മാറ്റത്തിനായി ഒരു വോട്ട് എന്ന സന്ദേശമുയർത്തിയാണ് ബിജെപി സ്ഥാനാർഥി ഡോ.ജെ പ്രമീളാദേവി പാലായിൽ കരുക്കൾ നീക്കുന്നത്. പ്രചരണ രംഗത്ത് സജീവമാണ് പ്രമീളാദേവി. ഇടയാട്ട് ബാല ഗണപതി ക്ഷേത്രത്തിൽ നിന്നും ആരംഭിച്ച ഇന്നത്തെ പര്യടനം പാലായിലെ സ്ഥാപനങ്ങൾ സന്ദർശിക്കുകയും വോട്ട് അഭ്യർത്ഥിക്കുകയും ചെയ്തു. വൈകിട്ട് മേലുകാവിലും തലപ്പുലത്തും കുടുംബസംഗമങ്ങളിൽ പങ്കെടുക്കും. കുടുംബസംഗമങ്ങളിലും വനിതാ യുവജന കൂട്ടായ്മകളിലും നേരിട്ടെത്തി പരമാവധിയാളുകളെ നേരിൽക്കണ്ട് വോട്ട് അഭ്യർത്ഥിക്കുകയാണ് പ്രമീള ദേവി.