കേരളാ കോൺഗ്രസ്സ് ജോസഫ് വിഭാഗം സ്ഥാനാർത്ഥികളെ ഔദ്യോഗികമായി പ്രഖ്യാപിച്ചു. ഏറ്റുമാനൂരിൽ പ്രിൻസ് ലൂക്കോസും കടുത്തുരുത്തിയിൽ മോൻസ് ജോസഫും.


കോട്ടയം: സീറ്റ് തർക്കങ്ങൾക്കും അനശ്ചിതത്വങ്ങൾക്കുമൊടുവിൽ കേരളാ കോൺഗ്രസ്സ് ജോസഫ് വിഭാഗവും സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു. ജില്ലയിലെ 3 മണ്ഡലങ്ങളിലാണ് കേരളാ കോൺഗ്രസ്സ് ജോസഫ് വിഭാഗം മത്സരിക്കുന്നത്. ഏറ്റുമാനൂരിൽ പ്രിൻസ് ലൂക്കോസും കടുത്തുരുത്തിയിൽ മോൻസ് ജോസഫും ചങ്ങനാശ്ശേരിയിൽ വി ജെ ലാലിയുമാണ് മത്സരിക്കുന്നത്.

കടുത്തുരുത്തിയിൽ മോൻസ് ജോസഫിന്റെ സ്ഥാനാർത്ഥിത്വം ഐശ്വര്യാ കേരളാ യാത്രയിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സ്ഥിരീകരിച്ചിരുന്നു. ഇതോടെ ഔദ്യോഗിക പ്രഖ്യാപനം വരുന്നതിനു മുൻപ് തന്നെ മോൻസ് ജോസഫ് കടുത്തുരുത്തിയുടെ പ്രചാരണ വേദികളിൽ സജീവമായിരുന്നു. ഏറ്റുമാനൂർ സീറ്റ് ജോസഫ് വിഭാഗത്തിന് നൽകുന്നതിൽ യൂത്ത് കോൺഗ്രസ്സ് പ്രതിഷേധിച്ചെങ്കിലും യുഡിഎഫ് സീറ്റ് ജോസഫ് വിഭാഗത്തിന് തന്നെ നൽകാൻ തീരുമാനിക്കുകയായിരുന്നു.

എന്നാൽ സ്ഥാനാർഥി നിർണ്ണയത്തിൽ പലരെയും തഴഞ്ഞതായി പാർട്ടിക്കുള്ളിൽ അമർഷം പുകയുന്നുണ്ട്. യൂത്ത് ഫ്രണ്ട് സംസ്ഥാന പ്രസിഡന്റ് സജി മഞ്ഞക്കടമ്പന് സീറ്റ് ലഭിക്കുമെന്ന് അവസാന നിമിഷം വരെ കരുതിയെങ്കിലും നിരാശയായിരുന്നു ഫലം.