കോട്ടയം: കോട്ടയം കെഎസ്ആർടിസി ബസ്സ് സ്റ്റാൻഡിന്റെ നവീകരണവുമായി ബന്ധപ്പെട്ടു അവസാന പ്രഖ്യാപനവും കടലാസ്സിലൊതുങ്ങിയതോടെ പരാധീനതകൾക്ക് നടുവിൽ നവീകരണം കാത്ത് വീർപ്പുട്ടി കഴിയുകയാണ് ഈ ബസ്സ് സ്റ്റാൻഡ്. ബസ് സ്റ്റാൻഡ് കെട്ടിടവും പരിസരവും വളരെ ശോചനീയാവസ്ഥയിലാണ്. അക്ഷര നഗരിയെന്ന് പേരുകേട്ട കോട്ടയത്തിനു നാണക്കേടായി മാറിയിരിക്കുകയാണ് നഗരത്തിന്റെ ഹൃദയ ഭാഗത്തു തന്നെ സ്ഥിതി ചെയ്യുന്ന ഈ കെഎസ്ആർടിസി ബസ് സ്റ്റാൻഡ്.
എംഎൽഎ തിരുവഞ്ചൂർ രാധാകൃഷ്‌ണന്റെ ആസ്തി വികസന ഫണ്ടിൽ നിന്നും ഒരു കോടി 91 ലക്ഷം രൂപ ചെലവഴിച്ചു ബസ്സ് ടെർമിനലും യാർഡും നവീകരിക്കുമെന്നു പ്രഖ്യാപിച്ചു നിർമ്മാണ ഉത്‌ഘാടനം 2020 നവംബർ 6 നു നിർവ്വഹിക്കുകയും ചെയ്തിരുന്നു. എന്നാൽ നവീകരണ പ്രവർത്തനങ്ങളുടെ അവസാന പ്രഖ്യാപനവും കടലാസ്സിൽ മാത്രമായി ഒതുങ്ങി. രാഷ്ട്രീയ പാർട്ടികളുടെ തർക്കങ്ങൾക്കിടയിൽ കിടന്നു വീർപ്പുമുട്ടുകയാണ് ബസ് സ്റ്റാൻഡിന്റെ വികസനമെന്ന ജീവനക്കാരും യാത്രക്കാരും ഒരേ സ്വരത്തിൽ പറയുന്നു. ബസ്സുകൾ സ്റ്റാൻഡിലേക്ക് കയറിയിറങ്ങുന്ന ഭാഗങ്ങളും ബസ് സ്റ്റാന്റിനകവും മുഴുവൻ കുണ്ടും കുഴിയുമായി പൊട്ടിപ്പൊളിഞ്ഞു കിടക്കുകയാണ്.
കുഴിയിൽ തട്ടി വീണു യാത്രക്കാർക്ക് അപകടമുണ്ടാകാനുള്ള സാധ്യതയും കൂടുതലാണ്. യാത്രക്കാരുടെ നടുവൊടിക്കുന്ന രീതിയിൽ ഒരു കുഴിയിൽ നിന്നും മറ്റൊരു കുഴിയിലേക്ക് ചാടിയാണ് ബസ്സുകൾ സ്റ്റാൻഡിൽ കയറുന്നതും ഇറങ്ങുന്നതും. വേനൽ കടുത്തതോടെ പൊടി ശല്യവും രൂക്ഷമായിരിക്കുകയാണ്. ദിവസേന ആയിരത്തിലധികം ബസ്സുകൾ സർവ്വീസ് നടത്തുന്ന ഡിപ്പോയിൽ സ്ത്രീകളും പ്രായമായവരും കുട്ടികളുമടക്കം ആയിരക്കണക്കിന് യാത്രക്കാരാണ് എത്തുന്നത്.
വൃത്തിയുള്ള ഒരു വിശ്രമ കേന്ദ്രമോ ബാത്ത് റൂം സൗകര്യമോ ഇതുവരെയും ലഭ്യമാക്കാൻ സാധിച്ചിട്ടില്ല. ദുർഗന്ധം മൂലം ബാത്ത് റൂമിന്റെ ഭാഗത്തേക്ക് അടുക്കാൻ പോലും സാധിക്കില്ല എന്ന അവസ്ഥയിലാണ്. ഇടതു സർക്കാർ കോട്ടയം മണ്ഡലത്തിന്റെ വികസന പ്രവർത്തനങ്ങൾക്ക് തടസം നിൽക്കുന്നതാണ് കാരണമെന്ന് കോൺഗ്രസ്സ് ആരോപിക്കുന്നു.