കോട്ടയം: മിണ്ടാപ്രാണികളോടുള്ള കണ്ണില്ലാത്ത ക്രൂരതകൾ അവസാനിച്ചിട്ടില്ല. കേരളത്തെ നടുക്കുന്ന മനുഷ്യ മനസാക്ഷിയെ പിടിച്ചുലയ്ക്കുന്ന സംഭവങ്ങൾ കഴിഞ്ഞ ദിവസങ്ങളിൽ നാം കേട്ടിരുന്നു. ഇപ്പോൾ അത്തരമൊരു ക്രൂരതയാണ് നമ്മുടെ കോട്ടയത്തും നടന്നിരിക്കുന്നത്.
പോത്തിൻ കിടാവിനെ റബ്ബർ മരത്തിൽ കെട്ടിത്തൂക്കിക്കൊന്ന നിലയിൽ കണ്ടെത്തി. കോട്ടയം മണർകാട് മാലം തുരുത്തേൽ പാലത്തിനു സമീപമുള്ള മൂലേക്കുളത്തിൽ രാജുവിന്റെ ഒന്നര വയസ്സ് പ്രായം വരുന്ന പോത്തിൻ കിടാവിനെയാണ് സമീപത്തെ റബ്ബർ തോട്ടത്തിൽ റബ്ബർ മരത്തിൽ കെട്ടിത്തൂക്കിക്കൊന്ന നിലയിൽ കണ്ടെത്തിയത്.
പുല്ലു തിന്നുന്നതിനായി രാജു റബ്ബർ തോട്ടത്തിൽ പോത്തിൻ കിടാവിനെ കെട്ടിയിരുന്നു. റബ്ബറിന്റെ ഉയരത്തിലുള്ള ശാഖയിൽ കയർ കെട്ടിയിട്ടാണ് പോത്തിൻ കിടാവിനെ കെട്ടിത്തൂക്കിയിരിക്കുന്നത്. സംഭവത്തിൽ പോലീസ് കേസെടുത്തിട്ടുണ്ട്. ഇന്ന് പോസ്റ്റ്‌മോർട്ടത്തിനു ശേഷം കൂടുതൽ കാര്യങ്ങൾ വ്യക്തമാകുകയുള്ളു.