പേടിപ്പെടുത്തുന്ന നാളുകൾക്കിടയിലും അതിജീവനത്തിന്റെ ഓർമ്മകളുമായി റോബിനും റീനയും.


കോട്ടയം: കോവിഡിനെതിരെയുള്ള യുദ്ധത്തിൽ അതിജീവനത്തിന്റെയും ഒപ്പം ആശ്വാസത്തിന്റെയും വിജയം പകരുകയായിരുന്നു കോട്ടയത്തെ ദമ്പതികൾ. കോട്ടയം ജില്ലയിൽ ആദ്യമായി കോവിഡ് രോഗബാധ സ്ഥിരീകരിച്ചത് ഇറ്റലിയിൽ നിന്നും റാന്നിയിലെത്തിയവരുടെ ബന്ധുക്കളായ കോട്ടയം ചെങ്ങളം സ്വദേശികളായ റോബിനും ഭാര്യ റീനയ്ക്കുമായിരുന്നു.  "മരണം ഉറപ്പാക്കിയ നാളുകൾ,ഒരിക്കലും ജീവിതത്തിലേക്ക് തിരിച്ചെത്താൻ സാധിക്കുമെന്ന് തോന്നിയതേ ഇല്ലായിരുന്നു..." കോട്ടയം മെഡിക്കൽ കോളേജിൽ നിന്നും കോവിഡ് രോഗമുക്തി നേടിയ കോട്ടയം സ്വദേശികളായ റോബിൻ- റീന ദമ്പതികളുടെ വാക്കുകളാണിത്.

റാന്നിയിലെ ബന്ധുക്കൾക്ക് രോഗബാധ സ്ഥിരീകരിച്ചതോടെ തങ്ങളെ മെഡിക്കൽ കോളേജിൽ നിരീക്ഷണത്തിൽ പ്രവേശിപ്പിക്കുകയായിരുന്നു എന്ന് റോബിൻ പറയുന്നു. സ്രവം പരിശോധനയ്ക്കായി അയച്ചു,മാർച്ച് 10 നു  കോവിഡ് 19 പോസിറ്റീവായി. മകൾക്ക് രോഗബാധ സ്ഥിരീകരിച്ചിരുന്നില്ല. മകളുടെ കാര്യത്തിലായിരുന്നു ആശങ്ക എന്ന് റീന പറയുന്നു. അവളുടെ കാര്യങ്ങൾ എങ്ങനെ,ആര് നോക്കും എന്നുള്ളതായിരുന്നു ഏറെ അലട്ടിയിരുന്ന സങ്കടം എന്ന് റീന പറഞ്ഞു. മകളുടെ റിസൾട്ട് നെഗറ്റീവായിരുന്നതിനാൽ റിയന്നയെ ആശുപത്രിയിൽ തന്നെ മറ്റൊരു റൂമിൽ താമസിപ്പിച്ചിരിക്കുകയായിരുന്നു.

രോഗം സ്ഥിതീകരിച്ചു കോട്ടയം മെഡിക്കൽ കോളേജിൽ അഡ്മിറ്റാക്കപ്പെട്ടതു മുതൽ മറ്റെവിടെയും ലഭിക്കുന്നതിലുമധികം മികച്ച ചികിത്സാ സേവനങ്ങളും പരിചരണവുമാണ് മെഡിക്കൽ കോളേജിൽ നിന്നും ലഭിച്ചത് എന്ന് ഇവർ പറയുന്നു. സ്വന്തം കുടുംബത്തിൽ ഒരാളെപ്പോലെയാണ് ഓരോ ആരോഗ്യ പ്രവർത്തകരും തങ്ങളെ പരിചരിച്ചതെന്ന് ഇവർ സ്നേഹത്തോടെ ഓർക്കുന്നു. ഇറ്റലിയിൽ നിന്നെത്തിയ പത്തനംതിട്ട സ്വദേശിയുടെ മകളും ഭർത്താവുമാണ് ഇത്.  ആശുപത്രിയിൽ പ്രവേശിപ്പിച്ച ആദ്യനാളുകളിൽ ഭയം മാത്രമായിരുന്നു എന്നും. ഇനി ജീവിതത്തിലേക്ക് മടക്കം ഉണ്ടാകില്ല എന്നുമുള്ള ചിന്തകൾ മൂലം ഉറക്കം പോലും നഷ്ട്ടപ്പെട്ട രാത്രികളായിരുന്നു എന്ന് ഇവർ ഓർമ്മിക്കുന്നു. എന്നാൽ മെഡിക്കൽ കോളേജിലെ ഓരോ ആരോഗ്യ പ്രവർത്തകരും തങ്ങൾക്ക് നൽകിയ ആത്മവിശ്വാസവും മാനസിക ധൈര്യവും ഒന്നുകൊണ്ട് മാത്രമാണ് കോവിഡിനെ തോൽപ്പിക്കാൻ ഇവർക്കായത്.

മകൾ റിയന്ന ഇതിനോടകം തന്നെ ആശുപത്രിജീവനക്കാരുടെ പൊന്നോമനയായി മാറിക്കഴിഞ്ഞിരുന്നു. റിയന്നയ്ക്കായി പ്രത്യേകം മുറിയും ഒറ്റക്കിരിക്കുന്ന വിരസത മാറ്റാൻ കളറിംഗ് ബുക്കുകളും മറ്റും ആരോഗ്യ പ്രവർത്തകർ വാങ്ങി നൽകി. റിയന്ന എന്നും സന്തോഷവതിയായിരുന്നു എന്ന് ആശുപത്രി ജീവനക്കാരും പറഞ്ഞിരുന്നു എന്ന് റീന പറഞ്ഞു. ആശുപത്രി വിട്ടിറങ്ങിയ റിയന്നയെ വീട്ടിലേക്കയച്ചത് ടെഡിബെയർ നൽകിയായിരുന്നു. മെഡിക്കൽ കോളേജിലെ ആരോഗ്യ വിഭാഗം മുഴുവനും സന്തോഷത്തിലും ഒപ്പം ആശ്വാസത്തിലുമായിരുന്നു അന്ന്. രോഗം ബാധിച്ചു ആശുപത്രിയിൽ എത്തിയ ഞങ്ങൾക്ക് രോഗം ഭേദമായി ആശുപത്രി വിടുമ്പോൾ ആഴത്തിലുള്ള സ്നേഹബന്ധമാണ് മെഡിക്കൽ കോളേജിലെ എല്ലാ ആരോഗ്യ പ്രവർത്തകരുമായി ഉണ്ടായിരുന്നതെന്ന് റോബിന് റീനയും പറയുന്നു.

മാതാപിതാക്കൾക്കൊപ്പം ആഹ്ലാദത്തോടെ തുള്ളിച്ചാടി നടക്കുകയാണ് മകൾ റിയന്ന. സിപിഐഎം കോട്ടയം ജില്ലാ സെക്രട്രറി വി എൻ വാസവൻ,തിരുവഞ്ചൂർ രാധാകൃഷ്ണൻ എം എൽ എ തുടങ്ങിയവർ രോഗം ഭേദമായി വീട്ടിലെത്തിയപ്പോൾ തങ്ങളെ സന്ദർശിച്ചതായും ഇവർ പറഞ്ഞു. രോഗബാധിതരായ വിവരം അറിഞ്ഞതോടെ പരിചയമുള്ളവരും അല്ലാത്തവരും നിരവധിപ്പേരാണ് തങ്ങളെയും റാന്നിയിലെ ബന്ധുക്കളെയും കുറ്റപ്പെടുത്തിയതെന്നു ഇവർ വേദനയോടെ ഓർക്കുന്നു. തങ്ങൾ കോവിഡ് പരത്തുകയായിരുന്നു എന്നാണു എല്ലാവരും സമൂഹമാധ്യമങ്ങളിലടക്കം വിമർശിച്ചത് എന്ന് റോബിൻ പറഞ്ഞു.