കബീറിന് സഹായ ഹസ്തവുമായി മുണ്ടക്കയത്തെ വ്യാപാരികളുടെ കൂട്ടായ്മ.


പൊൻകുന്നം: മൂന്നര വർഷങ്ങൾക്ക് മുൻപ് മരം വെട്ടുന്നതിനിടെ മരത്തിൽ നിന്നും വീണു പരിക്കേറ്റ് കിടപ്പിലായിരുന്ന പൊൻകുന്നം സ്വദേശിയായ കബീറിന് സഹായ ഹസ്തവുമായി മുണ്ടക്കയത്തെ വ്യാപാരികളുടെ കൂട്ടായ്മ.

വ്യാപാരി വ്യവസായി ഏകോപന സമിതി മുണ്ടക്കയം യൂണിറ്റാണ് കബീറിന് കൈത്താങ്ങായി എത്തിയത്. മൂന്നു വർഷത്തിലധികമായി കിടപ്പിലായിരുന്ന കബീറിന് വീടിനുള്ളിൽ സഞ്ചരിക്കുന്നതിനായി ഇലക്ട്രോണിക്ക് വീൽചെയർ നൽകി. മരത്തിൽ നിന്നും വീണതിനെ തുടർന്ന് നട്ടെല്ലിനും കാലുകൾക്കും പരിക്കേറ്റിരുന്നു. വീൽ ചെയർ വാങ്ങുന്നതിനായി ഇദ്ദേഹം മുണ്ടക്കയം യൂണിറ്റുമായി ബന്ധപ്പെടുകയും സഹായം അഭ്യർത്ഥിക്കുകയും ചെയ്തിരുന്നു.

മുണ്ടക്കയം ജ്യോതിഗ്യാസ് ഉടമയും വ്യാപാരി വ്യവസായി ഏകോപന സമിതി മുണ്ടക്കയം യൂണിറ്റ് മെമ്പറും ആയിരുന്ന പരേതനായ അജിത്ത് ഉപയോഗിച്ചിരുന്ന ഇലക്ട്രിക് വീൽ ചെയർ അദ്ദേഹത്തിന്റെ കുടുംബം കബീറിന് നൽകാൻ സന്നദ്ധത അറിയിക്കുകയായിരുന്നു. രണ്ടര ലക്ഷം രൂപാ വിലവരുന്ന വീൽ ചെയറിന്റെ അറ്റകുറ്റ പണികൾ യൂണിറ്റ് കമ്മിറ്റിയുടെ ചിലവിൽ നടത്തി കബീറിന് കൈമാറുകയായിരുന്നു എന്ന് യൂണിറ്റ് വൈസ് പ്രസിഡന്റ് വി.മനോജ് പറഞ്ഞു. സ്വന്തമായി ഒരു വീട് പോലും ഇല്ലാത്ത ഇദ്ദേഹം സുമനസ്സുകളുടെ സഹായത്താലാണ് ഇതുവരെയുള്ള ചികിത്സകൾ നടത്തിയിരുന്നത്.