മഹിളാ കോൺഗ്രസിന് ഒരു സീറ്റ്‌ ഇല്ലെങ്കിൽ പിന്നെ എന്ത് നീതിയാണ് ഈ പാർട്ടിയിൽ വനിതകൾക്ക് കിട്ടുന്നത്;ലതികാ സുഭാഷ്.


ഏറ്റുമാനൂർ: മഹിളാ കോൺഗ്രസിന് ഒരു സീറ്റ്‌ ഇല്ലെങ്കിൽ പിന്നെ എന്ത് നീതിയാണ് ഈ പാർട്ടിയിൽ വനിതകൾക്ക് കിട്ടുന്നത് എന്ന് ലതികാ സുഭാഷ്. തനിക്കെതിരെ നടക്കുന്ന വ്യാജ പ്രചാരണങ്ങളോട് പ്രതികരിക്കുകയായിരുന്നു ലതികാ സുഭാഷ്. ഫേസ്ബുക്കിലൂടെയാണ് തന്റെ കുറിപ്പ് ലതികാ സുഭാഷ് പങ്കുവെച്ചിരിക്കുന്നത്.

ഒന്നും രണ്ടുമല്ല നാല്പത് വർഷങ്ങളാണ് മുഴുവൻ സമയ പാർട്ടി പ്രവർത്തനം നടത്തിയത്, നിരവധിയനവധി തവണ പലർക്കായി മാറിക്കൊടുത്തു, ഇത്തവണയും വെറും ലതിക ആയിരുന്നുവെങ്കിൽ അങ്ങനെ തന്നെ ചെയ്യുമായിരുന്നു. പക്ഷേ മഹിളാ കോൺഗ്രസ്സ് അധ്യക്ഷയായിപ്പോയി. മഹിളാ കോൺഗ്രസിന് ഒരു സീറ്റ്‌ ഇല്ലെങ്കിൽ പിന്നെ എന്ത് നീതിയാണ് ഈ പാർട്ടിയിൽ വനിതകൾക്ക് കിട്ടുന്നത് എന്ന് ലതികാ സുഭാഷ് തന്റെ കുറിപ്പിലൂടെ ചോദിക്കുന്നു. തനിക്കെതിരെയുള്ള വ്യാജ പ്രചാരണങ്ങൾ അടിസ്ഥാനരഹിതമാണെന്നും ഒരിക്കലും സ്ഥാനമോഹിയോ അഴിമതിക്കാരിയോ അല്ല എന്നും ലതികാ സുഭാഷ് പറഞ്ഞു.

ഏറ്റവുമധികം ആദരിക്കുന്ന പിതൃതുല്യനായ ഉമ്മൻ ചാണ്ടി ഒരുതവണ വിളിച്ച് ലതിക ഇത്തവണ മത്സരിക്കേണ്ട എന്ന് ഒരു വാക്ക് പറഞ്ഞിരുന്നെങ്കിൽ ഞാൻ പിന്മാറിയെനേ എന്നും പക്ഷേ അദ്ദേഹം എന്നെ മുൻകാലത്തെപ്പോലെ പാടെ അവഗണിക്കുകയാണ് ഉണ്ടായതെന്നും ലതികാ സുഭാഷ് പറഞ്ഞു. ഏറ്റുമാനൂർ മണ്ഡലത്തിലെ സ്വതന്ത്ര സ്ഥാനാർത്ഥി ആയി എന്റെ മത്സരം ഇടതുപക്ഷത്തോടാണ്, കോൺഗ്രസിനോടോ യു ഡി എഫ്‌നോടോ അല്ല എന്നും ലതികാ സുഭാഷ് പറഞ്ഞു.

ഫേസ്‌ബുക്ക് കുറിപ്പിന്റെ പൂർണ്ണ രൂപം:

''ഇത്തരമൊരു കുറിപ്പ് എഴുതണമെന്ന് കരുതിയിയതല്ല, പക്ഷേ മുൻ സഹപ്രവർത്തകരുടെ മാന്യമല്ലാത്ത പ്രതികരണം അതിന് അനുവദിക്കുന്നില്ല. ഒന്നും രണ്ടുമല്ല നാല്പത് വർഷങ്ങളാണ് മുഴുവൻ സമയ പാർട്ടി പ്രവർത്തനം നടത്തിയത്, നിരവധിയനവധി തവണ പലർക്കായി മാറിക്കൊടുത്തു, ഇത്തവണയും വെറും ലതിക ആയിരുന്നുവെങ്കിൽ അങ്ങനെ തന്നെ ചെയ്യുമായിരുന്നു.

പക്ഷേ മഹിളാ കോൺഗ്രസ്സ് അധ്യക്ഷയായിപ്പോയി. മഹിളാ കോൺഗ്രസിന് ഒരു സീറ്റ്‌ ഇല്ലെങ്കിൽ പിന്നെ എന്ത് നീതിയാണ് ഈ പാർട്ടിയിൽ വനിതകൾക്ക് കിട്ടുന്നത്. തത്കാലം രാജി സാഹചര്യം വ്യക്തമാക്കുന്നു, മറ്റൊന്നും കൊണ്ടല്ല, പലവിധ വ്യാജ പ്രചാരണങ്ങളും രാജിയുമായി ബന്ധപ്പെട്ടു ഞാൻ ഏറെ ബഹുമാനിക്കുന്ന വ്യക്തികളിൽ നിന്നും ഉണ്ടാകുന്നു. ഇത്തരം ആരോപണങ്ങൾ അടിസ്ഥാനരഹിതമാണ്.

1.മാസങ്ങൾക്ക് മുൻപ് തന്നെ ഞാനും ഷാനിമോളും ബിന്ദു കൃഷ്ണയും തിരുവനന്തപുരത്ത് മുല്ലപ്പള്ളി രാമചന്ദ്രൻ, രമേശ്‌ ചെന്നിത്തല, ഉമ്മൻ ചാണ്ടി എന്നിവരെ നേരിട്ട് കാണുകയും ഏറ്റുമാനൂർ, അരൂർ, കൊല്ലം എന്നീ സീറ്റുകളിലെ താല്പര്യം അറിയിക്കുകയും ചെയ്തിരുന്നു. ഞങ്ങൾ ഒന്നിച്ചുള്ള ചർച്ചയിലും ഈ ആവശ്യം പറയുകയും മറിച്ചൊരു അഭിപ്രായം അവർ പറയുകയും ചെയ്തില്ല. തെറ്റെങ്കിൽ ഇവർ നിഷേധിക്കട്ടെ.

2. തെരെഞ്ഞെടുപ്പിന് മുൻപ് തന്നെ പരിഗണിക്കേണ്ട വനിതകളുടെയും മഹിളാ കോൺഗ്രസിലെ വനിതകളുടെയും പേരുകളും അവർക്ക് താല്പര്യമുള്ള മണ്ഡലങ്ങളുടെ പേരും മഹിളാ കോൺഗ്രസ്‌ ദേശീയ നേതൃത്വം ആവശ്യപ്പെട്ടതനുസരിച്ചു മുല്ലപ്പള്ളി രാമചന്ദ്രൻന് നൽകിയിരുന്നു. എന്നാൽ മഹിളാ കോൺഗ്രസിൽ നിന്നും ആരേയും പരിഗണിച്ചില്ല.കള്ളമെങ്കിൽ മുല്ലപ്പള്ളി പറയട്ടെ.

3. ഏറ്റുമാനൂർ സീറ്റിൽ താല്പര്യമറിയിച്ചു മുതിർന്ന നേതാക്കളുമായി ആശയവിനിമയം നടത്തിയിരുന്നു, എന്നാൽ തരുമെന്നോ മറ്റൊരു മണ്ഡലം നിർദേശിക്കുവാനോ ആരും തയ്യാറായില്ല. മഹിളാ കോൺഗ്രസ്‌ ദേശീയ നേതൃത്വം ആവശ്യപ്പെട്ടതനുസരിച്ചു ഏറ്റുമാനൂർ, വൈപ്പിൻ, കാഞ്ഞിരപ്പള്ളി എന്നീ മണ്ഡലങ്ങളുടെ പേരും പിന്നീട് നൽകുകയും ചെയ്തു.ബന്ധപ്പെട്ടവർക്ക് നിഷേധിക്കാണാകുമോ?

4. മാർച്ച്‌ 8ന് എ കെ ആന്റണിയോട് ഞാൻ എല്ലാ കാര്യങ്ങളും പറഞ്ഞതാണ്, പരിഹരിക്കാമെന്ന് ഉറപ്പ് നൽകി, പക്ഷേ ഒന്നുമുണ്ടായില്ല.

5. ഈ ദിവസങ്ങളിൽ കെ സി വേണുഗോപാൽ, മുല്ലപ്പള്ളി രാമചന്ദ്രൻ, രമേശ്‌ ചെന്നിത്തല, ഉമ്മൻ ചാണ്ടി എന്നിവരെ ഫോണിൽ ബന്ധപ്പെടാൻ പലതവണ ശ്രമിച്ചു, ആരും പ്രതികരിച്ചില്ല.

6. കേരള കോൺഗ്രസ് സീറ്റ്‌ വച്ചുമാറാൻ തയ്യാറായിരുന്നു, കോൺഗ്രസിലെ നേതാക്കന്മാർ തടസ്സം നിന്നു, കാരണം സ്വാർത്ഥ താല്പര്യങ്ങൾ. ഏറ്റുമാനൂർ മണ്ഡലത്തിലെ ബ്ലോക്ക്‌ പ്രസിഡന്റ്മാരും മണ്ഡലം പ്രസിഡന്റ്മാരും തിരുവനന്തപുരത്ത് കോൺഗ്രസിനായി ഏറ്റുമാനൂർ സീറ്റ്‌ ആവശ്യപ്പെടാൻ പോയപ്പോൾ എന്തായിരുന്നു പ്രതികരണം.

7. വിരലിൽ എണ്ണാവുന്ന അംഗങ്ങൾ ഉള്ള ഒരു പാർട്ടിക്ക് അവർ വേണ്ടെന്നു പറഞ്ഞിട്ടും സീറ്റ്‌ നൽകിയതിലെ മനോവികാരം നേതാക്കൾ വ്യക്തമാക്കണം.

8. അവഗണയിൽ പ്രതിഷേധിച്ചു കെപിസിസി ഓഫീസിൽ രാത്രി 1 മണിവരെ നിരാഹാരമിരുന്നിട്ടും വിളിച്ചത് ബെന്നി ബഹന്നാൻ മാത്രം.

9. ഉമ്മൻ ചാണ്ടിയെ  അദ്ദേഹത്തിന്റെ വീട്ടിൽ കണ്ടിരുന്നു, ഒരു തീരുമാനവും പറഞ്ഞില്ല.

10. ഐവാൻ ഡിസൂസ നൽകിയ ഉറപ്പ് പാലിക്കപ്പെട്ടില്ല.

11. സ്ഥാനാർഥിപ്പട്ടിക പുറത്തുവിടുന്ന ദിവസം രാവിലെ ഡോമിനിക് പ്രസന്റേഷൻ, കെ പി ധനപാലൻ എന്നിവർ എന്താണ് ഞാനുമായി സംസാരിച്ചതെന്ന് അവർ പറയട്ടെ.

12. അന്ന് വൈകുന്നേരം 3:45ന് അനിൽ ആന്റണി, മഹിളാ കോൺഗ്രസ്‌ ദേശീയ സെക്രട്ടറി ഷമീന ഷഫീഖ് എന്നിവർ എന്താണ് എന്നെ അറിയിച്ചതെന്ന് അവർ വ്യക്തമാക്കണം.

ഞാൻ ഒരിക്കലും സ്ഥാനമോഹിയോ അഴിമതിക്കാരിയോ അല്ല. ചിലർക്ക് ഇപ്പോൾ ഞാൻ മറ്റ് പലതുമാകും, ഓർക്കുക മൂന്നോ നാലോ നേതാക്കന്മാർ അല്ല കോൺഗ്രസ്‌ പാർട്ടി. അത്തരക്കാർ ഈ പാർട്ടിയെ കുളം തോണ്ടും. അവസാനമായി, ഞാൻ ഏറ്റവുമധികം ആദരിക്കുന്ന പിതൃതുല്യനായ ഉമ്മൻ ചാണ്ടി ഒരുതവണ വിളിച്ച് ലതിക ഇത്തവണ മത്സരിക്കേണ്ട എന്ന് ഒരു വാക്ക് പറഞ്ഞിരുന്നെങ്കിൽ ഞാൻ പിന്മാറിയെനേ.പക്ഷേ അദ്ദേഹം എന്നെ മുൻകാലത്തെപ്പോലെ പാടെ അവഗണിച്ചു. പിന്നെ ഒത്തുകളി സ്ഥാനാർഥി തുടങ്ങിയ ആരോപണങ്ങൾ ഏറ്റുമാനൂരിലെ ജനങ്ങൾ തീരുമാനിക്കട്ടെ,എന്തായിരുന്നു എ ഐ സി സി സർവ്വേ ഫലം? ഏറ്റുമാനൂർ മണ്ഡലത്തിലെ സ്വതന്ത്ര സ്ഥാനാർത്ഥി ആയി എന്റെ മത്സരം ഇടതുപക്ഷത്തോടാണ്, കോൺഗ്രസിനോടോ യു ഡി എഫ്‌നോടോ അല്ല.''

ഇത്തരമൊരു കുറിപ്പ് എഴുതണമെന്ന് കരുതിയിയതല്ല, പക്ഷേ മുൻ സഹപ്രവർത്തകരുടെ മാന്യമല്ലാത്ത പ്രതികരണം അതിന്...

Posted by Lathika Subhash on Tuesday, 16 March 2021