ഏറ്റുമാനൂർ: ഏറ്റുമാനൂരിനെ നിയമസഭയിൽ പ്രതിനിധീകരിക്കാൻ അവസരം ലഭിച്ചാൽ ആദ്യമുയർത്തുന്നത് ഏറ്റുമാനൂർ താലൂക്കിന് വേണ്ടിയായിരിക്കുമെന്ന് ഏറ്റുമാനൂർ നിയോജക മണ്ഡലം സ്വതന്ത്ര സ്ഥാനാർഥി ലതികാ സുഭാഷ്. സർക്കാരിന്റെ ഭരണപരമായ കാര്യങ്ങളിലും വികസനത്തിലും കൂടുതൽ പങ്കാളിത്തം ലഭിക്കുവാനും സർക്കാരിന്റെ സേവനങ്ങൾ ജനങ്ങൾക്ക് പ്രാപ്തമാകുവാനും ഏറ്റുമാനൂർ കേന്ദ്രീകരിച്ച് സ്വതന്ത്ര താലൂക്ക് ഉണ്ടാവേണ്ടത് വളരെ ആവശ്യമാണ്.
കോട്ടയം മെഡിക്കൽ കോളേജ്, മഹത്മാ ഗാന്ധി സർവകലാശാല ആസ്ഥാനം, കേരള ചുവർ ചിത്ര കലാ കേന്ദ്രം ആസ്ഥാനം,അന്തർദേശീയ തലത്തിൽ പ്രശസ്തമായ ടൂറിസം ഹബ്ബായ കുമരകം, കുമരകം പക്ഷി സങ്കേതം,പ്രശസ്തമായ ഒരുപിടി കോളേജുകൾ, ആശുപത്രികൾ തുടങ്ങിയവയെല്ലാം ഏറ്റുമാനൂർ മണ്ഡലത്തിലാണ് സ്ഥിതി ചെയ്യുന്നത്. ജില്ലയുടെ രൂപീകരണത്തിന് ശേഷവും പിന്നീട് ഇടുക്കി ജില്ല രൂപീകരിച്ചതിന് ശേഷവും മറ്റ് പല താലൂക്കുകൾ കേരളത്തിൽ രൂപപ്പെട്ടപ്പോഴുമൊക്കെ ഏറ്റുമാനൂർ നിവാസികളുടെ ചിരകാല സ്വപ്നമായ സ്വതന്ത്ര ഏറ്റുമാനൂർ താലൂക്ക് എന്ന ആവശ്യം പരിഗണിക്കപ്പെടാതെ ഇന്നും അവശേഷിക്കുന്നു എന്നതാണ് യാഥാർഥ്യം എന്നും ലതികാ സുഭാഷ് പറഞ്ഞു.
അവഗണനയ്ക്കും സ്ത്രീത്വത്തിനെതിരായ വേർതിരിവുകൾക്കുമെതിരെ മുഴുവൻ കേരളീയ വനിതകളുടെയും പ്രതിനിധിയായാണ് മത്സരിക്കുന്നത് എന്ന് ലതികാ സുഭാഷ് പറഞ്ഞു. ഏറ്റുമാനൂർ മണ്ഡലത്തിൽ സമഗ്ര സാന്ത്വന പരിചരണ സംവിധാനം ജനകീയ പങ്കാളിത്തം ഉറപ്പ് വരുത്തി കുറ്റമറ്റതാക്കും എന്ന് ലതികാ സുഭാഷ് പറഞ്ഞു. പാലിയേറ്റീവ് രോഗികൾക്കായി ആശുപത്രി വീട്ടിൽ എത്തുന്നതോടൊപ്പം നമ്മുടെ എല്ലാ ഗ്രാമീണ ആശുപത്രികളിലും ആംബുലൻസ് ഉറപ്പാക്കും. വർഷം മുഴുവൻ സൗജന്യമായി ആവശ്യ മരുന്നുകൾ, മുഴുവൻ പിഎച്സി, സിഎച്സി എന്നിവിടങ്ങളിൽ മോർഫിൻ ലഭ്യത,വീൽ ചെയർ അടക്കമുള്ള അസിസ്റ്റീവ് ഡിവൈസുകളുടെ ലഭ്യത, വെള്ളത്താൽ ചുറ്റപ്പെട്ട സ്ഥലങ്ങളിൽ മൊബൈൽ ക്ലിനിക്ക്, സാന്ത്വന പരിചരണത്തിൽ പരിശീലനം നേടിയ ആരോഗ്യ പ്രവർത്തകരുടെ ലഭ്യത ഉറപ്പ് വരുത്തുകയും ചെയ്യുമെന്ന് ലതികാ സുഭാഷ് പറഞ്ഞു.