നാടൻ വള്ളിപ്പയർ കൃഷിയിൽ നൂറു മേനി കൊയ്ത് മണിമലയിലെ കർഷകൻ.


മണിമല: വേനൽക്കാല കൃഷിയായ നാടൻ വള്ളിപ്പയർ കൃഷിയിൽ നൂറു മേനി നേട്ടം കൊയ്തിരിക്കുകയാണ് മണിമലയിലെ ഈ കർഷകൻ. മണിമലയാറിന്റെ തീരത്ത് പന്തലൊരുക്കിയാണ് നാടൻ വള്ളിപ്പയർ കൃഷി ചെയ്തിരിക്കുന്നത്. മണിമല ചിറ്റേടത്ത് ആൻഡ്രുസ് (അപ്പച്ചൻ) ആണ് 71 വയസ്സിലും പ്രായം തളർത്താത്ത ഈ നേട്ടം കൈവരിച്ചത്. 

    നാടൻ പയർ വിത്താണ് കൃഷിക്കായി ഉപയോഗിച്ചതെന്ന് അദ്ദേഹം പറഞ്ഞു. എല്ലാ സമയങ്ങളിലും കൃഷി ചെയ്യാവുന്ന ഒന്നാണ് പയർ കൃഷി. എന്നാൽ ഏറ്റവും അനുയോജ്യമായ സമയം ജനുവരി മുതൽ മെയ് വരെയുള്ള മാസങ്ങളാണ്. കൂടുതൽ മഴ വന്നാലും കടുത്ത വേനലായാലും കൃഷി നശിച്ചു പോകുമെന്നും ഇദ്ദേഹം പറയുന്നു. ഇത്തവണ മഴ കൂടുതലായതിനാൽ താമസിച്ചാണ് കൃഷി ആരംഭിച്ചത്. തികച്ചും ജൈവ കൃഷി രീതിയിൽ ഉത്പ്പാദിപ്പിച്ചതിനാൽ ആവശ്യക്കാർ ഏറെയാണെന്നും ഇദ്ദേഹം പറഞ്ഞു. 

    യാതൊരു വിധ രാസവളങ്ങളും കൃഷിയിടത്ത് ഉപയോഗിച്ചിട്ടില്ല. ആറിന്റെ തീരത്തോട് ചേർന്ന സ്ഥലമായാതിനാൽ വളക്കൂറുള്ള മണ്ണാണ് ഇവിടെയുള്ളത്. ഈ വളം ഒന്ന് മാത്രം മതി നല്ല വിളവ് ലഭിക്കാൻ. ആറിന്റെ തീരത്ത് ആയതിനാൽ കൃഷിക്ക് ആവശ്യമായ വെള്ളം എപ്പോൾ വേണമെങ്കിലും നൽകാനും സാധിക്കും. ഇദേഹമുൾപ്പടെ നിരവധിയാളുകൾ മണിമലയാറിന്റെ തീരത്ത് വേനലിൽ പയർ കൃഷി ചെയ്യാറുണ്ട്. പച്ചക്കറി വിളകളില്‍ പ്രോട്ടീന്റെ ഉറവിടമാണ് പയര്‍. അന്തരീക്ഷത്തിലെ നൈട്രജനെ ആഗിരണം ചെയ്ത് മണ്ണിലെത്തിക്കുന്നതിന് പയര്‍വര്‍ഗ വിളകളുടെ വേരുകള്‍ക്ക് പ്രത്യേക കഴിവുണ്ട്. അതുകൊണ്ടുതന്നെയാണ് മണ്ണിനും മനുഷ്യനും ഒരേപോലെ പ്രയോജനം ചെയ്യുന്നതാണ് ഈ പയർ കൃഷി. 

    കുറച്ചു സ്ഥലത്ത് മാത്രമാണ് പയർ കൃഷി ചെയ്തിരിക്കുന്നത്. കൂടാതെ പയറിനൊപ്പം മത്തനും കുമ്പളവും കൃഷിയിടത്തിലുണ്ട്. വീടിനോടു ചേർന്നുള്ള കൃഷിയിടത്തിൽ കപ്പയും വാഴയും ചേനയും ചേമ്പും പച്ചക്കറികളും തുടങ്ങി നിരവധി കൃഷി ഇദ്ദേഹത്തിനുണ്ട്.  ഈ വര്ഷം വേനൽ കനത്തെങ്കിലും ഇടക്ക് ലഭിച്ച മഴ പ്രയോജനകരമായി എന്ന് അദ്ദേഹം പറഞ്ഞു. മുൻവര്ഷത്തേതു പോലെ തന്നെ ഇത്തവണയും നല്ല വിളവ് ലഭിക്കുന്നതായി ഇദ്ദേഹം പറഞ്ഞു. വള്ളിപ്പയറിന്റെ ഒന്നാം ഘട്ടവിളവെടുപ്പ്  കഴിഞ്ഞ ദിവസം നടത്തിയിരുന്നു.