കോട്ടയം: നിയമസഭാ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്തെ ബിജെപി സ്ഥാനാർത്ഥികളെ ഇന്നലെ പ്രഖ്യാപിച്ചിരുന്നു. കോട്ടയം നിയമസഭാ നിയോജക മണ്ഡലത്തിൽ അപ്രതീക്ഷിതമായാണ് മിനർവാ മോഹന്റെ പേര് ദേശീയ നേതൃത്വം പ്രഖ്യാപിച്ചത്. എന്നാൽ പാർട്ടിയിൽ മിനർവയുടെ സ്ഥാനാര്ഥിത്വത്തെ ചൊല്ലി വിമർശനങ്ങൾ ഉടലെടുത്തിട്ടുണ്ട്.
സിപിഎം നേതാവും മൂന്നു തവണ പൂഞ്ഞാർ തെക്കേക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമായിരുന്ന മിനർവ മോഹൻ കഴിഞ്ഞ ഏതാനും ദിവസങ്ങൾക്ക് മുൻപ് മാത്രമാണ് പാർട്ടിയിൽ അംഗമായത്. ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ നയിക്കുന്ന വിജയ യാത്ര കോട്ടയം ജില്ലയിൽ എത്തിയപ്പോഴാണ് മിനർവ മോഹൻ പാർട്ടിയിൽ അംഗമാകുന്നത്.
കേന്ദ്രമന്ത്രി സ്മൃതി ഇറാനിയും കെ സുരേന്ദ്രനും മറ്റു നേതാക്കളും ചേർന്നാണ് മിനർവയെ സ്വാഗതം ചെയ്തത്. കോട്ടയം മണ്ഡലത്തിൽ ശക്തമായ പോരാട്ടത്തിന് കളമൊരുങ്ങുമ്പോൾ അപ്രതീക്ഷിത സ്ഥാനാർത്ഥിയെ രംഗത്തിറക്കിയതിൽ നേതാക്കൾക്ക് പ്രതിഷേധമുണ്ട്.