ദുരിതക്കയത്തിൽ കർഷകർ;നീണ്ടൂരിൽ കർഷകർ നെല്ല് കത്തിച്ചു പ്രതിഷേധിച്ചു.


നീണ്ടൂർ: നെൽ കർഷകരോടുള്ള സർക്കാരിന്റെയും അധികാരികളുടെയും അവഗണനയിൽ പ്രതിഷേധിച്ച് നീണ്ടൂരിൽ കർഷകർ കൊയ്തെടുത്ത നെല്ല് കത്തിച്ചു പ്രതിഷേധിച്ചു. സർക്കാരും വകുപ്പ് ഉദ്യോഗസ്ഥരും മില്ലുടമകൾക്ക് കൂട്ട് നിൽക്കുകയാണെന്ന് കർഷകർ ആരോപിച്ചു.

നെല്ല് സംഭരിക്കുന്നതിനായി 100 കിലോ നെല്ലിന് 6 കിലോ താരയായി നൽകണമെന്നാണ് മില്ലുടമകളുടെ ആവശ്യം. എന്നാൽ ദുരിതക്കയത്തിൽ മുങ്ങി നിൽക്കുന്ന കർഷകർക്ക് ഇത് തിരിച്ചടിയാണ്. ജില്ലയിലെ വിവിധ പാടശേഖരങ്ങളിലായി ക്വിന്റൽ കണക്കിന് നെല്ലാണ് കൊയ്‌തെടുത്ത് കൂന കൂട്ടിയിട്ടിരിക്കുന്നത്. കൈപ്പുഴ നൂറു പറമാക്കോത്തറ പാടശേഖരത്തിലെ കർഷകരാണ് നെല്ല് കത്തിച്ചു പ്രതിഷേധിച്ചത്.

കൊയ്തെടുത്ത 13000 ലധികം ക്വിന്റൽ നെല്ലാണ് പാടശേഖരങ്ങളിൽ കൂട്ടിയിട്ടിരിക്കുന്നത്. ജനുവരി മുതൽ കൊയ്തെടുത്ത നെല്ലാണ് ഇതെന്ന് കർഷകർ പറയുന്നു. പ്രതിസന്ധിയിലായതിനെ തുടർന്ന് ഇന്ന് നീണ്ടൂരിലും കഴിഞ്ഞ ദിവസം കല്ലറയിലും കർഷകൻ ആത്മഹത്യക്ക് ശ്രമിച്ചിരുന്നു. ഇന്ന് സംയുക്ത കർഷക സമിതിയുടെ നേതൃത്വത്തിൽ കോട്ടയം ജില്ലാ പാഡി ഓഫീസ് കർഷകർ ഉപരോധിചിരുന്നു. പ്രതികൂല കാലാവസ്ഥയിൽ വിളവ് പാകമാക്കി കൊയ്തെടുത്ത കർഷകർക്ക് അദ്ധ്വാനത്തിന്റെ വിലപോലും ലഭിക്കില്ലെന്നും കർഷകർ പരാതിപ്പെടുന്നു.

കടം വാങ്ങി കൃഷി ചെയ്തു കടക്കെണിയിലാകുന്ന കൃഷിക്കാരോട് സർക്കാരോ സർക്കാർ വകുപ്പുകളോ കരുണ കാട്ടുന്നില്ല എന്നും കർഷകർ പറഞ്ഞു. അധികം വൈകാതെ നെല്ല് സംഭരിച്ചില്ലെങ്കിൽ നെല്ല് നശിക്കുമെന്നും കർഷകർ ചൂണ്ടിക്കാട്ടുന്നു.