ഈരാറ്റുപേട്ട: ജനിച്ച് വളർന്ന നാടിനെ വർഗീയതയിലേക്ക് തള്ളിവിടാതിരിക്കാൻ ഈരാറ്റുപേട്ട മുൻസിപ്പാലിറ്റി പരിധിയിൽ പ്രചാരണം അവസാനിപ്പിക്കുന്നതായി പൂഞ്ഞാർ നിയോജക മണ്ഡലം ജനപക്ഷം സെക്കുലർ സ്ഥാനാർഥി പി സി ജോർജ്. കഴിഞ്ഞ ദിവസം തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിക്കിടെ തേവരുപാറയിൽ വെച്ച് പി സി ജോർജ്ജിന്റെ പ്രസംഗത്തിനിടെ ഒരുപറ്റം ആളുകളുടെ കൂവലുണ്ടാകുകയും അതിശക്തമായ ഭാഷയിൽ പി സി ജോർജ് തിരിച്ചടിക്കുകയും ചെയ്തിരുന്നു.
ഈരാറ്റുപേട്ട മുൻസിപ്പാലിറ്റി പരിധിയിൽ പ്രചാരണം അവസാനിപ്പിക്കുന്നത് ഭയന്നിട്ടാണെന്നു ആരും കരുതേണ്ട എന്ന് പി സി ജോർജ് പറഞ്ഞു. ഞാൻ ജനിച്ച് വളർന്ന എൻ്റെ നാടിനെ വർഗീയതയിലേക്ക് തള്ളിവിടാതിരിക്കാനാണ് ഈ തീരുമാനം എന്ന് അദ്ദേഹം പറഞ്ഞു. ഒരുപറ്റം ആളുകൾ വോട്ട് ചോദിക്കാനുള്ള അവകാശത്തെ നിഷേധിച്ച് കൊണ്ട് നിലകൊള്ളുമ്പോൾ അവർ ലക്ഷ്യം വെക്കുന്ന വർഗ്ഗീയ ലഹളയിലേക്ക്, എൻ്റെ നാടിനെ തള്ളിവിടാൻ എനിക്കാകില്ല എന്നും പി സി ജോർജ് പറഞ്ഞു.
വർഗീയത തലക്ക് പിടിക്കാത്ത ധാരാളം സഹോദരങ്ങൾ ഈരാറ്റുപേട്ടയിൽ ഉണ്ട്. പക്ഷെ അവർക്ക് പോലും കാര്യങ്ങൾ തുറന്ന് പറയാൻ ഭീഷണികൾ മൂലം സാധിക്കുന്നില്ല. എന്നോടൊപ്പം പ്രവർത്തിക്കുന്ന ഈരാറ്റുപേട്ടയിലെ പാർട്ടി പ്രവർത്തകരെ തല്ലുമെന്നും, കൊല്ലുമെന്നും പരസ്യമായി ഭീഷണി പെടുത്തുന്നു. ഇതിനെ കുറിച്ച് വിശദമായി ഈരാറ്റുപേട്ടയിൽ ഞാൻ പ്രസംഗിച്ചിട്ടുള്ളതുമാണ്.
എനിക്കൊപ്പം പൊതുപ്രവർത്തന രംഗത്തുള്ള ഈരാറ്റുപേട്ടയിലെ ഓരോ വ്യക്തികളുടെയും സുരക്ഷയെ കരുതി ഈരാറ്റുപേട്ടയിൽ എൻ്റെ പ്രചരണ പരിപാടികൾ ഞാൻ അവസാനിപ്പിക്കുകയാണ് എന്ന് പി സി ജോർജ് പറഞ്ഞു. ഞാൻ അറിയുന്ന എന്നെ സ്നേഹിക്കുന്ന ഇത്തരം വർഗ്ഗീയ ചിന്താഗതിയില്ലാതെ ഈ നാട്ടിൽ മതേതരത്വം പുലരണമെന്നാഗ്രഹിക്കുന്ന ഈരാറ്റുപേട്ടക്കാർ എന്നെ പിന്തുണക്കുമെന്ന് ഉറച്ച ബോദ്ധ്യമെനിക്കുണ്ട് എന്നും അദ്ദേഹം പറഞ്ഞു.