കടുത്തുരുത്തി: കേരളാ കോൺഗ്രസ്സ് പി സി തോമസ് വിഭാഗവും പി ജെ ജോസഫ് വിഭാഗവും ലയിച്ചു. കടുത്തുരുത്തിയിൽ നടന്ന യുഡിഎഫ് കടുത്തുരുത്തി നിയോജക മണ്ഡലം തെരഞ്ഞെടുപ്പ് കൺവെൻഷനിൽ വെച്ചായിരുന്നു ഇരുവിഭാഗങ്ങളുടെയും ലയന പ്രഖ്യാപനം.
തെരഞ്ഞെടുപ്പ് കൺവെൻഷൻ മുൻമുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ഉത്‌ഘാടനം ചെയ്തു. പി സി തോമസ് ശരിയായ സ്ഥലത്ത് എത്തിയിരിക്കുന്നു എന്ന് ഉമ്മൻ ചാണ്ടി പറഞ്ഞു. കേരളാ കോൺഗ്രസ്സ് എന്നും ഒരുമിച്ചു ഒറ്റക്കെട്ടായി മുൻപോട്ടു പോകണമെന്നാണ് തന്റെ ആഗ്രഹം എന്ന് പി സി തോമസ് പറഞ്ഞു.
ഇനിയും നിരവധിയാളുകൾ കേരളാ കോൺഗ്രസ്സിലേക്കെത്തും എന്നും പി സി തോമസ് പറഞ്ഞു. പി സി തോമസിന്റേത് കേരളാ കോൺഗ്രസ്സിനും യുഡിഎഫിനും ശക്തി പകരുന്ന തീരുമാനമാണെന്നും പി സി തോമസിനെ സ്വാഗതം ചെയ്യുന്നതായും മോൻസ് ജോസഫ് പറഞ്ഞു. 2001 ലാണ് കേരളാ കോൺഗ്രസ്സ് എമ്മിൽ കെ എം മാണിയുമായി തെറ്റിയതിനെ തുടർന്ന് പി സി തോമസ് ഐഎഫ്ഡിപി എന്ന സ്വന്തം പാർട്ടി രൂപീകരിക്കുകയും പിന്നീട് എൻഡിഎ യുടെ ഭാഗമാകുകയും ചെയ്തത്.