കൊച്ചി: രണ്ടില ചിഹ്നം ജോസ് കെ മാണിക്ക് നൽകിയ ഹൈക്കോടതി വിധിക്കെതിരെ സുപ്രീം കോടതിയെ സമീപിച്ച പി ജെ ജോസഫിന് കനത്ത തിരിച്ചടി. രണ്ടില ചിഹ്നം ജോസ് കെ മാണിക്ക് അനുവദിച്ച ഹൈക്കോടതി വിധി സുപ്രീം കോടതി ശെരിവെച്ചു. അതോടൊപ്പം ഹൈക്കോടതി വിധിയിൽ ഇടപെടാനില്ലെന്നും സുപ്രീം കോടതി അറിയിച്ചു.
പി ജെ ജോസഫിന്റ ഹർജി ആദ്യമായി പരിഗണിച്ച ദിവസം തന്നെയാണ് സുപ്രീം കോടതി ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. കേരളാ കോൺഗ്രസ്സ് പി ജെ ജോസഫ് വിഭാഗം ഉന്നയിക്കുന്ന ആരോപണങ്ങൾ പരിഗണിക്കാൻ സാധിക്കുന്നതല്ല എന്നും സുപ്രീം കോടതി വ്യക്തമാക്കി. തെരഞ്ഞെടുപ്പ് കമ്മീഷൻ കൃത്യമായി രേഖകൾ പരിശോധിക്കാതെയാണ് ജോസ് കെ മാണിക്ക് ചിഹ്നം അനുവദിച്ചതെന്നും കൃത്യമായി പരിശോധിച്ചു ഹൈക്കോടതി വിധി പുറപ്പെടുവിക്കേണ്ടതായിരുന്നു എന്നും ഹൈക്കോടതി അത് നിർവ്വഹിച്ചില്ല എന്നും ചൂണ്ടിക്കാട്ടിയാണ് പി ജെ ജോസഫ് സുപ്രീം കോടതിയിൽ ഹർജി സമർപ്പിച്ചത്.