പാലാ: പാലായിലെ രാഷ്ട്രീയ ചുവടുമാറ്റങ്ങൾക്കിയടയിലും മാണി സി കാപ്പന് ഇത് അഭിമാന നിമിഷം. പാലാ ബൈപ്പാസ് പൂർത്തീകരണ നടപടികൾ അന്തിമഘട്ടത്തിൽ എത്തി. സ്ഥലം ഏറ്റെടുക്കാനുള്ള നോടീസ് സ്ഥലമുടമകളുടെ വീടുകളിൽ പതിപ്പിച്ചു.
റോഡ് പൂർത്തീകരണത്തിന് സ്ഥലം ഏറ്റെടുക്കാൻ വില പ്രഖ്യാപിച്ചതിലെ അപാകതകൾ മൂലം നിയമക്കുരുക്കിലായിരുന്ന സ്ഥലങ്ങൾ ഏറ്റെടുക്കുന്നതിനായി സർക്കാരിലേക്ക് സറണ്ടർ ചെയ്തു നൽകുന്നതിനുള്ള നോട്ടീസുകൾ സ്ഥലമുടമകളുടെ വീടുകളിൽ റവന്യൂ ഇൻസ്പെക്ടർമാരുടെ നേതൃത്വത്തിൽ പതിപ്പിച്ചു. പാലാ ബൈപ്പാസ് യാഥാർത്ഥ്യമായെങ്കിലും സ്ഥലം ഏറ്റെടുക്കാൻ തുക അനുവദിച്ചതിൽ ഉണ്ടായ അപാകതകളെത്തുടർന്ന് നിയമക്കുരുക്കിൽപ്പെടുകയായിരുന്നു. പാലായിലെ ഉപതെരഞ്ഞെടുപ്പിൽ മാണി സി കാപ്പൻ ഇടതു മുന്നണി സ്ഥാനാർത്ഥിയായി വിജയിച്ചെങ്കിലും 2020ലെ സംസ്ഥാന ബജറ്റിൽ ഇതിനാവശ്യമായ തുക ലഭ്യമാക്കണമെന്ന നിർദ്ദേശം സമർപ്പിച്ചെങ്കിലും അനുമതി ലഭിച്ചിരുന്നില്ല.
2019 ഡിസംബർ 19 നു കളക്ടറുടെ ചേംബറിൽ എംഎൽഎ മാണി സി കാപ്പന്റെ നേതൃത്വത്തിൽ സ്ഥലമുടമകൾ, പൊതുമരാമത്ത്, റവന്യൂ ഉദ്യോഗസ്ഥർ എന്നിവരുടെ യോഗം ചേർന്ന് തടസ്സങ്ങൾ നീക്കാൻ ശ്രമം ആരംഭിച്ചു. തുടർന്നു സബ് രജിസ്ട്രാർ ഓഫീസുമായി ബന്ധപ്പെട്ടു വില നിർണ്ണയ നടപടികൾ പൂർത്തിയാക്കി. പിന്നീട് റവന്യൂ പൊതുമരാമത്ത് ഉദ്യോഗസ്ഥർ സ്ഥലപരിശോധന നടത്തി ഏറ്റെടുക്കുന്ന സ്ഥലങ്ങളുടെ അതിർത്തി നിർണ്ണയവും പൊളിച്ചു മാറ്റേണ്ട കെട്ടിടങ്ങളുടെ വില നിർണ്ണയവും പൂർത്തിയാക്കി.ഓഗസ്റ്റിൽ ആവശ്യമായ തുക സർക്കാർ അനുവദിച്ചെങ്കിലും വീണ്ടും നൂലാമാലകൾ ബാക്കിയായിരുന്നു. ബൈപ്പാസ് പൂർത്തീകരണത്തിനായി വിശ്രമമില്ലാതെ വിവിധ വകുപ്പ് ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തുകയും അനുമതികൾ വാങ്ങിയെടുക്കുകയും ചെയ്താണ് ഇപ്പോൾ മാണി സി കാപ്പൻ ഈ പദ്ധതി പൂർത്തിയാക്കാൻ ആരംഭിച്ചിരിക്കുന്നത്.
പാലാ ബൈപ്പാസ് പൂർത്തീകരണത്തിനുള്ള സ്ഥലം ഏറ്റെടുക്കാനുള്ള നോട്ടീസ് സ്ഥലമുടമകളുടെ വീടുകളിൽ പതിച്ചപ്പോൾ എം എൽ എ എന്ന നിലക്ക് എനിക്ക് വ്യക്തിപരമായി ഏറ്റവും അഭിമാനം തോന്നുന്ന നിമിഷം ആണ് എന്ന് മാണി സി കാപ്പൻ പറഞ്ഞു. ഉപേക്ഷിച്ചു പോകില്ല എന്നു തീരുമാനമെടുത്തു നടപടിക്രമങ്ങൾക്ക് ഒപ്പം നിന്ന് ഓരോന്നായി പൂർത്തീകരിക്കുകയായിരുന്നു. പാലായിലെ രാഷ്ട്രീയ മാറ്റത്തോടെയായിരുന്നു അനാവശ്യ തടസ്സങ്ങൾ ഉണ്ടാകാൻ ആരംഭിച്ചതെന്ന് മാണി സി കാപ്പൻ പറഞ്ഞു.