മലയാള സിനിമയെ തിരികെയെത്തിച്ച മഹാനടന് നന്ദി,കടക്കെണിയിൽ അകപ്പെട്ട തിയേറ്ററിനു പുതുജീവൻ പകർന്നത് മമ്മൂക്കയുടെ സിനിമ;ജിജി അഞ്ചാനി.


പള്ളിക്കത്തോട്: നീണ്ട നാളുകൾ അടഞ്ഞു കിടന്നിരുന്ന തിയേറ്ററുകൾക്കും വിഷമാവസ്ഥയിലായിരുന്ന തിയേറ്റർ ജീവനക്കാർക്കും ഉടമകൾക്കും പുതു ജീവൻ പകർന്നു മമ്മൂട്ടിയുടെ ദി പ്രീസ്റ്റ്. കോവിഡ് രോഗവ്യാപനത്തെ തുടർന്ന് അടഞ്ഞു കിടന്ന തിയേറ്ററുകൾക്ക് ഇപ്പോൾ പുതുജീവൻ കൈവന്നിരിക്കുകയാണ്. പ്രേക്ഷകർക്കൊപ്പം ജീവനക്കാരും തിയേറ്റർ ഉടമകളും ആഹ്ലാദത്തിലാണ്.

മലയാള സിനിമയെ തിരികെയെത്തിച്ച മഹാനടന് നന്ദി പറയുകയാണ് പള്ളിക്കത്തോട് അഞ്ചാനി സിനിമാസ് ഉടമ ജിജി അഞ്ചാനി. ജിജിയുടെ വാക്കുകൾ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലായി മാറിയിരിക്കുകയാണ്. തന്റെ സർവ്വ സമ്പാദ്യങ്ങളും ഈട് വെച്ച് തുടങ്ങിയ തിയേറ്ററിനു ഇപ്പോഴാണ് പുതുജീവൻ കൈവന്നിരിക്കുന്നത് എന്ന് ജിജി പറയുന്നു. ചിത്രം കാണാനായി പ്രേക്ഷകർ എത്തുന്നതും ടിക്കറ്റ് ഫുൾ ആകുന്നതും തന്നെപ്പോലെ അനേകം തിയേറ്ററുടമകളുടെ മനസ്സ് നിറയ്ക്കുന്നുണ്ടെന്നു അദ്ദേഹം പറയുന്നു. തിയേറ്റർ ആരംഭിച്ച തൊട്ടടുത്ത നാളിലാണ് കോവിഡ് രൂക്ഷമാകുന്നതും തിയേറ്ററുകൾ അടച്ചിടുന്നതും. സർവ്വ സമ്പാദ്യങ്ങളും ഈട് വെച്ച് തുടങ്ങിയ തന്റെ സ്വപ്ന സ്ഥാപനം ഇതോടെ കടക്കെണിയിലായിരുന്നതായും ജിജി സങ്കടത്തോടെ പറയുന്നു.

തിയേറ്ററുകൾ തുറക്കാൻ അനുമതി ലഭിച്ചെങ്കിലും വൻ താരനിരകളുടെയും ബിഗ് ബജറ്റ് ചിത്രങ്ങളും റിലീസ് നീട്ടി നീട്ടി വെയ്ക്കുകയായിരുന്നു. മറ്റുള്ള ചിത്രങ്ങൾ ഓടിടി പ്ലാറ്റ്‌ഫോമുകളിൽ റിലീസ് ചെയ്തു. പക്ഷെ മമ്മൂക്കയുടെ ദി പ്രീസ്റ്റ് എത്തിയതോടെ തിയേറ്ററുകളിൽ പഴയ ആവേശം നിറഞ്ഞു. ആ സന്തോഷം തിയേറ്റർ ജീവനക്കാരുടെ മുഖത്തും കാണാമെന്നും ജിജി പറയുന്നു. സിനിമകൾ റിലീസ് മാറ്റി വെച്ചതും ഓടിടി യിൽ റിലീസ് ചെയ്തതും ഞങ്ങളെപ്പോലെയുള്ള തിയേറ്റർ ഉടമകൾക്കും സിനിമാപ്രേമികൾക്കും സങ്കടകരമാണെന്നും ജിജി പറഞ്ഞു. നിരവധി തിയേറ്ററുകളിലാണ് സ്‌പെഷ്യൽ ഷോകൾ നടത്തുന്നത്.

ഒരു വലിയ നന്ദി പറയാനുണ്ട് അത് പറഞ്ഞില്ലെങ്കിൽ വലിയ മോശമാകുമെന്നു പറഞ്ഞാണ് ജിജി തന്റെ വാക്കുകൾ ആരംഭിച്ചിരിക്കുന്നത്. കൊറോണ കാരണം പൂട്ടിക്കിടന്ന കടക്കെണിയിൽ അകപ്പെട്ടു പോയ തന്റെ സ്ഥാപനത്തിന് പുതുജീവൻ പകർന്നു നൽകിയത് മമ്മൂക്കയുടെ ദി പ്രീസ്റ്റ് ആണ്. നിർമ്മാതാക്കൾ പലരും ഓടിടി യിലേക്ക് ചിത്രങ്ങൾ വിടാൻ നിർബന്ധിതരായപ്പോഴും തിയേറ്റർ റിലീസിനായി കാത്തിരിക്കണമെന്ന മമ്മൂക്കയുടെ വാക്കും അതനുസരിച്ച് കാത്തു നിന്ന ആന്റോ ജോസഫിനും ഹൃദയത്തിന്റെ ആഴങ്ങളിൽ നിന്നുള്ള നന്ദി പറയുകയാണ് ജിജി അഞ്ചാനിയുൾപ്പടെ കേരളത്തിൽ അങ്ങോളമിങ്ങോളമുള്ള തിയേറ്റർ ഉടമകളും ജീവനക്കാരും ഒപ്പം പ്രേക്ഷകരും.

മലയാളത്തിന്റെ ഹൊറർ ത്രില്ലറായി മാറിയിരിക്കുകയാണ് ജെഫിൻ ടി ചാക്കോ സംവിധാനം ചെയ്ത ദി പ്രീസ്റ്റ്. ജെഫിന്റെ ആദ്യ ചിത്രമായിരുന്നു ഇത്. 2 തവണ ചിത്രത്തിൻറെ റിലീസ് മാറ്റി വെച്ചിരുന്നു. മമ്മൂട്ടിയും മഞ്ജു വാര്യരും ആദ്യമായി ഒന്നിയ്ക്കുന്ന സിനിമ കൂടിയാണ് പ്രീസ്റ്റ്. ശ്യാം മേനോനും ദീപു പ്രദീപും ആണ് ചിത്രത്തിൻറെ തിരക്കഥ തയ്യാറാക്കിയിരിക്കുന്നത്. ബേബി മോണിക്ക, നിഖില വിമല്‍, ശ്രീനാഥ് ഭാസി, മധുപാല്‍, ജഗദീഷ് എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങള്‍. സംഗീത സംവിധാനം രാഹുൽ രാജ്.