വൈക്കം: വൈക്കം കുടവെച്ചൂർ സ്വദേശിയായ ജിഷ്ണു ഹരിദാസ്(23)ന്റെ തിരോധാനം കൊലപാതകമെന്ന സംശയത്തിൽ ബന്ധുക്കൾ. മകൻ ആത്മഹത്യ ചെയ്യില്ലെന്നും അതിനു തക്കതായ പ്രശനങ്ങൾ ഒന്നും ജിഷ്ണുവിനില്ലെന്നും ബന്ധുക്കൾ ഉറപ്പിച്ചു പറയുന്നു. കോട്ടയം മറിയപ്പള്ളിയിൽ നിന്നും കണ്ടെത്തിയ മൃതദേഹം ജിഷ്ണുവിന്റേതല്ലെന്ന് ബന്ധുക്കൾ പറഞ്ഞു.
2020 ജൂൺ 3 നാണു വൈക്കം കുടവെച്ചൂർ സ്വദേശിയും കുമരകത്ത് ബാർ ജീവനക്കാരനായിരുന്ന ജിഷ്ണു ഹരിദാസിനെ കാണാതാകുന്നത്. ജിഷ്ണുവിനെ കാണാതായി ഒൻപത് മാസം കഴിഞ്ഞിട്ടും ദുരൂഹത നിറഞ്ഞ കേസിൽ യാതൊരു തീരുമാനവും ഉണ്ടായിട്ടില്ല. ഇതേത്തുടർന്ന് ജിഷ്ണുവിന്റെ തിരോധാനം സിബിഐ അന്വേഷിക്കണമെന്ന് ആക്ഷൻ കൗൺസിൽ ആവശ്യപെട്ടു. ഇന്നലെ ആക്ഷൻ കൗൺസിലിന്റെ നേതൃത്വത്തിൽ വെച്ചൂർ ബണ്ട് റോഡിൽ സായാഹ്‌ന ധർണ്ണ സംഘടിപ്പിച്ചു. ശക്തമായ സമരപരിപാടികളുമായി മുന്നോട്ടു പോകാനാണ് തീരുമാനമെന്ന് ആക്ഷൻ കൗൺസിൽ ഭാരവാഹികൾ പറഞ്ഞു.
ജൂൺ 27 നാണു കോട്ടയം മറിയപ്പള്ളിക്ക് സമീപം സാഹിത്യ പ്രവര്‍ത്തക സഹകരണ സംഘത്തിന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് ഒരു അസ്ഥികൂടം കണ്ടെത്തുന്നത്. മൃതദേഹാവശിഷ്ട്ടങ്ങളാണ് ഇവിടെ നിന്നും പൊലീസിന് ലഭിച്ചത്. മൃതദേഹത്തിന് ഏറെ പഴക്കമുണ്ടായിരുന്നു. ആദ്യം പോലീസ് മൃതദേഹം ജിഷ്ണുവിന്റേതാണെന്നു സ്ഥിരീകരിച്ചിരുന്നെങ്കിലും മൃതദേഹത്തിന്റെ പഴക്കം നിർണ്ണയിക്കാൻ സാധിക്കാതിരുന്നതിനാൽ ഫോറൻസിക്ക് പരിശോധനയ്ക്കും തുടർന്ന് ഡി എൻ എ പരിശോധനയ്ക്കും അയക്കുകയായിരുന്നു. ലഭിച്ച ഡി എൻ എ പരിശോധനയിൽ മൃതദേഹം ജിഷ്ണുവിന്റേത് തന്നെയാണെന്ന് വ്യക്തമായതായി പോലീസ് പറയുന്നു. എന്നാൽ ഈ വിവരങ്ങൾ അംഗീകരിക്കാൻ ബന്ധുക്കൾ തയ്യാറായിട്ടില്ല.
വീണ്ടും ഡി എൻ എ പരിശോധന നടത്തുന്നതിനായി ബന്ധുക്കൾ ഹൈക്കോടതിന്റെ സമീപിച്ചിട്ടുണ്ട്. സാഹിത്യ പ്രവര്‍ത്തക സഹകരണ സംഘത്തിന്റെ ഉടമസ്ഥതയിലുള്ള സ്ഥലം കാട് മൂടി കിടക്കുകയായിരുന്നു. ജെ സി ബി ഉപയോഗിച്ച് കാട് തെളിക്കുന്നതിനിടെയാണ് മൃതദേഹാവശിഷ്ടം കണ്ടെത്തുന്നത്. എന്നാൽ ആരുമെത്താത്ത കാടുമൂടി കിടക്കുന്ന സ്ഥലത്ത് ജിഷ്ണു എങ്ങനെയെത്തി എന്നതിന് യാതൊരു തെളിവുകളും ഇല്ല. മൃതദേഹത്തിന് സമീപത്തു നിന്നും ലഭിച്ച വസ്ത്രവും ഫോണും പോലീസ് പരിശോധിച്ചെങ്കിലും കാര്യമായ വിവരങ്ങൾ ഒന്നും ലഭിച്ചില്ല.
ഫോണും വസ്ത്രങ്ങളും ജിഷ്ണുവിന്റേതല്ല എന്ന് ബന്ധുക്കൾ പറഞ്ഞതോടെയാണ് പോലീസ് വെട്ടിലായത്. എന്നാൽ ജിഷ്ണുവിന്റെ മരണത്തിൽ ദുരൂഹതയില്ലെന്നും ആത്മഹത്യയാണെന്നുമാണ് പോലീസ് പറയുന്നത്. ഡിഎന്‍എ പരിശോധനയില്‍ മൃതദേഹം ജിഷ്ണുവിന്‍റേതെന്ന് സ്ഥിരീകരിച്ചിട്ടുണ്ട് എന്നും പോലീസ് പറഞ്ഞു.