വൈക്കം: നിയമസഭാ തെരഞ്ഞെടുപ്പിൽ മൂന്നു മുന്നണികളുടെയും സ്ഥാനാർഥി പ്രഖ്യാപനം കഴിഞ്ഞതോടെ ഈ തെരഞ്ഞെടുപ്പിൽ പെൺ പോരാട്ടത്തിന് സാക്ഷ്യം വഹിക്കാനൊരുങ്ങുകയാണ് വൈക്കം. മൂന്നു മുന്നണികളിലെയും വനിതാ സാരഥികൾ മാറ്റുരയ്ക്കുന്നത് ജില്ലയിൽ വൈക്കത്ത് മാത്രം. രാഷ്ട്രീയ അനുഭവ പരിജ്ഞാനത്താലും നേതൃപാടവത്താലും ശതരായ സ്ഥാനാര്ഥികളാണ് മൂന്നു മുന്നണികളിലുമായി ജനവിധി തേടുന്നത്.
എൽഡിഎഫ് സ്ഥാനാർത്ഥിയായി സിപിഐ സാരഥി സി കെ ആശ,യുഡിഎഫ് സ്ഥാനാർത്ഥിയായി കോൺഗ്രസ്സ് സാരഥി ഡോ.പി ആർ സോന, എൻഡിഎ സ്ഥാനാർത്ഥിയായി ബിഡിജെഎസ് സാരഥി അജിതാ സാബുവുമാണ് മത്സര രംഗത്തുള്ളത്. മൂവരും തങ്ങളുടെ നേതൃപാടവവും കഴിവുകളും തെളിയിച്ചിട്ടുള്ളവരാണ്. വൈക്കം നിയോജക മണ്ഡലത്തിലെ സിറ്റിംഗ് എംഎൽഎ ആയ സി കെ ആശയ്‌ക്കെതിരെ ശക്തമായ പോരാട്ടമാണ് യുഡിഎഫും എൻഡിഎ യും ലക്ഷ്യമിടുന്നത്. വൈക്കത്ത് ഇത് രണ്ടാം തവണയാണ് സി കെ ആശ മത്സരിക്കുന്നത്. ജില്ലയിലെ സിപിഐ യുടെ ഏക സ്ഥാനാർത്ഥിയും എൽഡിഎഫിന്റെ ജില്ലയിലെ ഏക വനിതാ സ്ഥാനാർത്ഥിയുമാണ് സി കെ ആശ.
സാമ്പത്തിക ശാസ്ത്ര ബിരുദ ധാരിയാണ് സി കെ ആശ. 2016 ലെ തെരഞ്ഞെടുപ്പിൽ 24584 വോട്ടുകൾക്കാണ് സി കെ ആശ ആദ്യമായി നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നത്. നിലവിൽ സിപിഐ ജില്ലാ കൗൺസിൽ അംഗവും എഐവൈഎഫ് സംസ്ഥാന വൈസ് പ്രസിഡന്റുമാണ് സി കെ ആശ. കോട്ടയം നഗരസഭയുടെ മുൻ ചെയർപേഴ്‌സനും ഏക വനിതാ കെപിസിസി ജനറൽ സെക്രട്ടറിയുമാണ് ഡോ.പി ആർ സോന. നിലവിൽ കോട്ടയം നഗരസഭയിൽ മുനിസിപ്പൽ കൗൺസിലറാണ് സോന. മുൻപ് മഹിളാ കോൺഗ്രസ്സ് സംസ്ഥാന സെക്രട്ടറി സ്ഥാനവും വഹിച്ചിട്ടുണ്ട്. ആദ്യ തെരഞ്ഞെടുപ്പിലൂടെ കോട്ടയം നഗരത്തിന്റെ മാതാവായി വിജയിച്ചു കയറിയ സോന എം ജി സർവ്വകലാശാലയിൽ നിന്നും മലയാള ഭാഷയിൽ ഡോക്ടറേറ്റ് കരസ്ഥമാക്കിയിട്ടുണ്ട്.
നിലവിൽ കോട്ടയം നഗരസഭ പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൺ ആണ് 49-ാം വാർഡിലെ കൗൺസിലറായ ഡോ.പി ആർ സോന. മുൻ കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരുന്ന അജിതാ സാബുവാണ് എൻഡിഎ സ്ഥാനാർഥി. കേരളാ കോൺഗ്രസ്സിൽ നിന്നും ബിഡിജെഎസ്സിൽ ചേരുകയായിരുന്നു അജിതാ സാബു. ജനാധിപത്യ കേരളാ കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി, ഹൗസിംഗ് ബോർഡ് അംഗം എന്നീ ചുമതലകൾ വഹിച്ചിട്ടുണ്ട് അജിത. കേരള ഹിന്ദി പ്രചാരക് സഭയിൽ നിന്ന് ഉന്നത വിദ്യാഭ്യാസം പൂർത്തിയാക്കിയ അജിത സാബു ഹിന്ദി അധ്യാപകയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.
കേരള കോൺഗ്രസ് മാണി ഗ്രൂപ്പിലൂടെ രാഷ്ട്രീയ അരങ്ങേറ്റം കുറിച്ച അജിത സാബു കേരള കർഷക ക്ഷേമ നിധി ബോര്‍ഡിന്റെ ഡയറക്ടർ കൂടിയാണ്. മാര്‍ക്കറ്റിംഗ് കോപ്പറേറ്റീവ് സൊസൈറ്റി ഡയറക്ടര്‍ ബോര്‍ഡ് മെമ്പര്‍, സംസ്ഥാന കര്‍ഷക ക്ഷേമനിധി ബോര്‍ഡ് ഡയറക്ടര്‍ ബോര്‍ഡംഗം എന്നീ നിലകളിലും അജിതാ സാബു പ്രവർത്തിച്ചിട്ടുണ്ട്. 2004 ൽ സാമൂഹിക രാഷ്ട്രീയ രംഗത്തെ മികച്ച വനിതാ പ്രവർത്തകക്കുള്ള ജെസ്സിസ് അവാർഡിന് അജിതാ സാബു അർഹയായിരുന്നു.