ജനവിധി തേടി കന്നിയങ്കത്തിനൊരുങ്ങി ജില്ലയിൽ 4 വനിതാ സ്ഥാനാർത്ഥികൾ.


കോട്ടയം: കന്നിയങ്കത്തിൽ വിജയിച്ചു കയറാനാകുമെന്ന ആത്മവിശ്വാസത്തിലാണ് ജില്ലയിലെ 4 വനിതാ സ്ഥാനാർത്ഥികൾ. രണ്ടു മുന്നണികളിലായി 4 വനിതാ സ്ഥാനാർത്ഥികളാണ് ആദ്യമായി മത്സര രംഗത്തിറങ്ങുന്നത്. എൻഡിഎ യിൽ നിന്നും 3 പേരും യുഡിഎഫിൽ നിന്നും ഒരാളുമാണ് ജില്ലയിൽ കന്നിയങ്കത്തിനൊരുങ്ങി ജനവിധി തേടുന്നത്.

എൻഡിഎ യിൽ ബിജെപി സ്ഥാനാർത്ഥിമാരായ മിനർവ മോഹൻ,ജെ പ്രമീളാദേവി എന്നിവരും ബിഡിജെഎസ് സ്ഥാനാർത്ഥിയായി അജിതാ സാബുവുമാണ് മത്‌സര രംഗത്തെ വനിതകൾ.യുഡിഎഫിൽ ഡോ. പി ആർ സോനായാണ് പുതുമുഖമായ ഏക വനിതാ സ്ഥാനാർഥി. എൽഡിഎഫിൽ ആദ്യമായി മത്‌സര രംഗത്തേക്കിറങ്ങുന്ന വനിതാ സ്ഥാനാർത്ഥിയില്ല. യുഡിഎഫ് കോൺഗ്രസ്സ് സ്ഥാനാർഥിയായ ഡോ.പി ആർ സോന വൈക്കം നിയോജക മണ്ഡലത്തിലാണ് മത്സരിക്കുന്നത്.

വൈക്കം നിയോജക മണ്ഡലത്തിലെ എൻഡിഎ ബിഡിജെഎസ് സ്ഥാനാർത്ഥിയാണ് അജിത സാബു. കന്നിയങ്കത്തിൽ 2 വനിതകൾ ഒരു മണ്ഡലത്തിൽ മത്സരിക്കുന്നത് വൈക്കത്ത് മാത്രമാണ്. വൈക്കത്ത് 3 മുന്നണികളുടെയും സ്ഥാനാർത്ഥികൾ വനിതകളാണ്. ബിജെപി സ്ഥാനാർഥിയായ മിനർവാ മോഹൻ കോട്ടയം നിയോജക മണ്ഡലത്തിലാണ് മത്സരിക്കുന്നത്. പാലാ നിയോജക മണ്ഡലത്തിൽ ബിജെപി സ്ഥാനാർത്ഥിയായാണ് ജെ പ്രമീളാദേവി മത്സരിക്കുന്നത്.