നിയമസഭാ തെരഞ്ഞെടുപ്പ്: സ്ഥാനാർഥി നിർണ്ണയത്തിൽ വനിതകൾക്ക് പ്രാധാന്യം നൽകാതെ മൂന്നു മുന്നണികളും.


കോട്ടയം: നിയമസഭാ തെരഞ്ഞെടുപ്പിൽ മൂന്നു മുന്നണികളുടെയും സ്ഥാനാർഥി നിർണ്ണയം പൂർത്തിയായപ്പോൾ ജില്ലയിൽ സ്ഥാനാർഥി നിർണ്ണയത്തിൽ വനിതകൾക്ക് കൂടുതൽ പ്രാധാന്യം നൽകാതെ മൂന്നു മുന്നണികളും. ജില്ലയിലെ 9 നിയമസഭാ മണ്ഡലങ്ങളിലായി മൂന്നു മുന്നണികളിലും സീറ്റ് ലഭിച്ചത് 5 വനിതകൾക്ക് മാത്രം.

ജില്ലയിൽ എൻഡിഎ 3 സീറ്റുകൾ വനിതകൾക്ക് നൽകിയപ്പോൾ എൽഡിഎഫ്-യുഡിഎഫ് മുന്നണികൾ ഒരു സീറ്റ് വീതമാണ് വനിതകൾക്കായി മാറ്റി വെച്ചത്. എൻഡിഎ യിൽ പാലാ നിയോജക മണ്ഡലത്തിൽ ഡോ.ജെ പ്രമീളാ ദേവിക്കും വൈക്കം നിയോജക മണ്ഡലത്തിൽ അജിതാ സാബുവിനും സീറ്റ് നൽകി. പാലായിൽ എൻഡിഎ ബിജെപി സ്ഥാനാർത്ഥിയാണ് ഡോ.ജെ പ്രമീളാ ദേവി. വൈക്കത്ത് എൻഡിഎ ബിഡിജെഎസ് സ്ഥാനാർത്ഥിയാണ് അജിതാ സാബു. കോട്ടയത്ത് മിനർവാ മോഹനാണ് സ്ഥാനാർഥി.

എൽഡിഎഫിൽ ജില്ലയിലെ ഏക സിപിഐ സ്ഥാനാർത്ഥിയും ഏക വനിതാ സ്ഥാനാർത്ഥിയുമാണ് സിറ്റിംഗ് എംഎൽഎ ആയ സി കെ ആശ. യുഡിഎഫിൽ കോൺഗ്രസ്സ് സ്ഥാനാർഥിയായ ഡോ.പി ആർ സോനായാണ് ജില്ലയിലെ ഏക വനിതാ സ്ഥാനാർഥി. ഇരുവരും മത്സരിക്കുന്നത് വൈക്കം നിയോജക മണ്ഡലത്തിലാണ്.

ജില്ലയിൽ വനിതാ മത്‌സരം നടക്കുന്നതും വൈക്കം നിയോജക മണ്ഡലത്തിൽ മാത്രമാണ്. എൽഡിഎഫ് സ്ഥാനാർത്ഥിയായി സി കെ ആശയും യുഡിഎഫ് സ്ഥാനാർത്ഥിയായി ഡോ പി ആർ സോനയും എൻഡിഎ സ്ഥാനാർത്ഥിയായി അജിതാ സാബുവും മത്സരിക്കുന്നത് വൈക്കം നിയോജക മണ്ഡലത്തിലാണ്.