കോട്ടയം: വനിതാ ദിനത്തിൽ കോട്ടയം ബിസിഎം കോളേജിൽ സ്ത്രീ ശാക്തീകരണത്തിനും വനിതാ സുരക്ഷയ്ക്കുമൊപ്പം അഗ്നി രക്ഷാ പാഠങ്ങളും പകർന്നു നൽകി കോട്ടയം സിവിൽ ഡിഫൻസ് ടീം. വനിതാദിനത്തോടനുബന്ധിച്ച് കോട്ടയം സിവിൽ ഡിഫെൻസും കോട്ടയം ബിസിഎം കോളേജിലെ എൻസിസി, എൻഎസ്സ്എസ്സ്, വുമൺ സെൽ എന്നിവയുടെ ആഭിമുഖ്യത്തിലാണ് പരിപാടികൾ സംഘടിപ്പിച്ചത്.
സ്ത്രീ ശാക്തീകരണം, വനിതാ സുരക്ഷ എന്നിവയ്‌ക്കൊപ്പം അഗ്നി രക്ഷാ പാഠങ്ങളുടെ പ്രാഥമിക ക്ലാസുകളും നടന്നു. വിദ്യാർഥിനികൾക്ക് ഫയർ എക്സ്റ്റിംഗ്യൂഷർ ഉപയോഗിക്കുവാൻ പരിശീലനം നൽകുകയും വിദ്യാർത്ഥിനികളെ പങ്കെടുപ്പിച്ചുള്ള ഫയർ ഡ്രിൽ കോളേജ് അങ്കണത്തിൽ നടത്തുകയും ചെയ്തു. കോട്ടയം ഫയർ സ്റ്റേഷൻ എഎസ്ടിഓ യേശുദാസ് ദൈനംദിന ജീവിതത്തിലെ അപകട സുരക്ഷയെക്കുറിച്ചും കോട്ടയം സിവിൽ ഡിഫൻസ് ജില്ലാ വാർഡൻ സ്മികേഷ് ഓലിക്കൻ സ്ത്രീ ശാക്തീകരണത്തെക്കുറിച്ചും ക്ലാസ്സുകൾ നയിച്ചു.
ഓരോ വിദ്യാലയങ്ങളിലും ദുരന്ത നിവാരണ ദ്രുതകർമ്മ സേന രൂപീകരിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് എലിസബത്ത് വിദ്യാർത്ഥികൾക്ക് നിർദേശങ്ങൾ നൽകി. വുമൺ സെൽ കോർഡിനേറ്റർ പൊന്നു ലിസ് മാളിയേക്കൽ, എൻസിസി കോർഡിനേറ്റർ ലഫ്റ്റനന്റ് റീജ പി എസ്, എൻഎസ്എസ് കോർഡിനേറ്റർ ബൈജു മാത്യു, സിവിൽ ഡിഫൻസ് കോട്ടയം ഡെപ്യുട്ടി ഡിവിഷണൽ വാർഡൻ വിശാൽ സോണി തുടങ്ങിയവർ പങ്കെടുത്തു.