അതിരമ്പുഴയിൽ ദേവാലയത്തിൽ കുര്‍ബാന അര്‍പ്പിച്ച വൈദികനെ പോലീസ് സ്റ്റേഷനിലേയ്ക്ക് വിളിപ്പിച്ച സംഭവത്തിൽ പ്രതിഷേധം ശക്തമാകുന്നു.


അതിരമ്പുഴ: അതിരമ്പുഴയിൽ ദേവാലയത്തിൽ കുര്‍ബാന അര്‍പ്പിച്ച വൈദികനെ പോലീസ് സ്റ്റേഷനിലേയ്ക്ക് വിളിപ്പിച്ച സംഭവത്തിൽ പ്രതിഷേധം ശക്തമാകുന്നു. അതിരമ്പുഴ സെൻ്റ് മേരിസ് ഫൊറോന പള്ളിയിൽ വിശ്വാസ സമൂഹത്തെ പങ്കെടുപ്പിക്കാതെ മൂന്നു ശുശ്രൂഷികളെ മാത്രം ഉൾപ്പെടുത്തി വി.കുർബാന അർപ്പിച്ചിരുന്ന വൈദികനെ പോലീസ് സ്റേഷനിലേയ്ക്ക് വിളിച്ചു വരുത്തുകയും ഇനി വി.കുർബാന അർപ്പിക്കാൻ പാടില്ല എന്ന് നിർദ്ദേശിക്കുകയും ചെയ്ത സംഭവത്തിൽ  ഏറ്റുമാനൂര്‍ സിഐ യുടെ നടപടിക്കെതിരെ പ്രതിഷേധം ശക്തമാകുന്നു. കോവിഡ് പ്രതിരോധ മാർഗ്ഗ നിർദ്ദേശങ്ങൾ കൃത്യമായും പാലിച്ചാണ് വൈദികൻ ദേവാലയത്തിൽ വി.കുർബാന അർപ്പിച്ചത്. സംഭവത്തിൽ അതിരന്പുഴ സെന്റ് മേരീസ് ഫൊറോന പള്ളി അധികൃതര്‍ ജില്ലാ പോലീസ് മേധാവിക്കു പരാതി നൽകി. സംഭവത്തില്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എ, കേരള കോണ്‍ഗ്രസ് ഹൈപവര്‍ കമ്മിറ്റി അംഗം പ്രിന്‍സ് ലൂക്കോസ്, കോണ്‍ഗ്രസ് നേതാവ് ടോമി കല്ലാനി തുടങ്ങിയവര്‍ പ്രതിഷേധിച്ചു.    കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ പേരിൽ മതവികാരം വ്രണപ്പെടുത്തുന്ന നടപടികൾ ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് ഉണ്ടാകുന്നതിൽ ചങ്ങനാശേരി അതിരൂപത പബ്ലിക് റിലേഷൻസ് ജാഗ്രതാ സമിതി ഉത്കണ്ഠയും പ്രതിഷേധവും രേഖപ്പെടുത്തി. ചില ഉദ്യോഗസ്ഥർ തങ്ങളുടെ ദാർഷ്ട്യം പ്രകടിപ്പിക്കാനും ക്രൈസ്തവ വിരോധം തീർക്കാനും കോവിഡ് പ്രൊട്ടോക്കോൾ നിയമങ്ങൾ ദുരുപയോഗിക്കുന്നത് തികച്ചും അപലപനീയമാണെന്നു സമതി നിരീക്ഷിച്ചു. പള്ളിയുടെയും വി.കുർബാനയുടെയും പവിത്രതയെ ബഹുമാനിക്കാതെ നടത്തപ്പെടുന്ന ഈ ഉദ്യോഗസ്ഥരാജ്  അങ്ങേയറ്റം പ്രതിഷേധാർഹമാണ് എന്ന് ചങ്ങനാശ്ശേരി അതിരൂപത ജാഗ്രതാ സമിതി പബ്ലിക് റിലേഷൻസ് ഓഫീസർ അഡ്വ. ജോജി ചിറയിൽ പറഞ്ഞു.