പനച്ചിക്കാട് ഗ്രാമപഞ്ചായത്തിൽ ഡൊമിസിലിയറി കെയർ സെന്റർ സജ്ജമായി.


കോട്ടയം: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ രോഗബാധിതർക്ക് ചികിത്സാ സൗകര്യങ്ങൾ ഒരുക്കുന്നതിന്റെ ഭാഗമായി പനച്ചിക്കാട് ഗ്രാമപഞ്ചായത്തിൽ ഡൊമിസിലിയറി കെയർ സെന്റർ സജ്ജമായി. വെള്ളൂത്തുരുത്തി സർക്കാർ യു പി സ്കൂളിൽ ആണ് ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ  ഡൊമിസിലിയറി കെയർ സെന്റർ സജ്ജമാക്കിയിരിക്കുന്നത്. പുതുതായി നിർമ്മിച്ച സ്‌കൂൾ കെട്ടിടത്തിൽ വൈദ്യുതി,ജല വിതരണ സംവിധാനങ്ങൾ തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങൾ യുദ്ധകാല അടിസ്ഥാനത്തിലാണ് പൂർത്തീകരിച്ചത്. രോഗലക്ഷണങ്ങള്‍ ഇല്ലാത്ത കോവിഡ് രോഗികളില്‍ വീടുകളില്‍ ഐസൊലേഷനില്‍ കഴിയുന്നതിന് സൗകര്യമില്ലാത്തവരെയാണ് ഡൊമിസിലിയറി കെയര്‍ സെന്ററുകളില്‍ പ്രവേശിപ്പിക്കുന്നത്. രോഗ ലക്ഷണങ്ങളുള്ളവര്‍ക്കാണ് സി.എഫ്.എല്‍.ടി.സികളില്‍ പ്രവേശനം നല്‍കുന്നത്. സി.എഫ്.എല്‍.ടി.സികളില്‍ ഡോക്ടറുടെയും പാരാമെഡിക്കല്‍ ജീവനക്കാരുടെയും സേവനം ലഭിക്കും. സി.എഫ്.എല്‍.ടി.സികള്‍ ബ്ലോക്ക് പഞ്ചായത്തുകളും ഡി.സി.സികള്‍ ഗ്രാമപഞ്ചായത്തുകളുമാണ് നടത്തുന്നത്. പനച്ചിക്കാട് ഗ്രാമപഞ്ചായത്ത് ആരംഭിക്കുന്ന കോവിഡ് ഡൊമിസിലിയറി കെയർ സെന്റർ കഴിഞ്ഞ ദിവസം തിരുവഞ്ചൂർ രാധാകൃഷ്‌ണൻ എംഎൽഎ സന്ദർശിച്ചു.