കോട്ടയത്ത് കോവിഡ് ബാധിച്ചു യുവതി മരിച്ചു, മരണം കുഞ്ഞിന് ജന്മം നൽകി അഞ്ചാം നാൾ.


കോട്ടയം: കോട്ടയത്ത് കോവിഡ് ബാധിച്ചു യുവതി മരിച്ചു. അതിരമ്പുഴ ഗ്രാമപഞ്ചായത്തിലെ സിഡിഎസ് അക്കൗണ്ടന്റും ഗാന്ധിനഗർ മുടിയൂർക്കര പ്ലാപ്പറമ്പിൽ പ്രസാദ് പി ഏബ്രഹാമിന്റെ ഭാര്യയുമായ മെറിൻ മാത്യു (36) ആണ് മരിച്ചത്. കഴിഞ്ഞ 20 നാണു 8 മാസം ഗർഭിണിയായ മെറിൻ ശ്വാസംമുട്ടലിനെ തുടർന്ന് കോട്ടയം മെഡിക്കൽ കോളേജിൽ കോവിഡ് പരിശോധന നടത്തിയത്. പരിശോധനാ ഫലം ലഭ്യമായപ്പോൾ മെറിന് കോവിഡ് പോസിറ്റീവാകുകയായിരുന്നു. ശ്വാസതടസ്സം കൂടുതലായതിനെ തുടർന്ന് മെറിൻ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രി അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിക്കുകയും അന്ന് രാത്രി 9 മണിയോടെ മെറിൻ ഒരു ആൺ കുഞ്ഞിന് ജന്മം നൽകുകയുമായിരുന്നു. കുഞ്ഞിന് കോവിഡ് നെഗറ്റീവ് ആയതിനാൽ മെറിൻ ഒരു തവണ കുട്ടിയെ കാണിച്ചതിന് ശേഷം ബന്ധുക്കളുടെ കൈയിൽ വീട്ടിലേക്ക് കൊടുത്ത് വിടുകയായിരുന്നു. കോട്ടയം മെഡിക്കൽ കോളേജിൽ നടത്തിയ പരിശോധനയിൽ മെറിന് ന്യുമോണിയ സ്ഥിരീകരിച്ചു. മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഞായറാഴ്ച്ച രാത്രി 10 മണിക്കാണ് മരണം സംഭവിച്ചത്. സംസ്കാരം ഇന്നലെ മുടിയൂർക്കര ഹോളിഫാമിലി പള്ളിയിൽ കോവിഡ് പ്രോട്ടോക്കോൾ പ്രകാരം നടത്തി.